Site iconSite icon Janayugom Online

തൊണ്ടിമുതലില്‍ കൃത്രിമം: കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

Antony RajuAntony Raju

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഒരുമാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്. കേസ് റദ്ദാക്കണമെന്ന മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ നാളെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍. കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതുകൊണ്ട് നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ കേസില്‍ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതായി പരിശോധിക്കുമ്പോള്‍ കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേസിലെ തുടര്‍നടപടികള്‍ ഒരുമാസത്തേക്ക് തടയുകയാണെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും ഹൈക്കോടതി വിളിപ്പിച്ചിട്ടുണ്ട്. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവമുണ്ടാകുന്നത്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു.

Eng­lish Sum­ma­ry: Evi­dence Tam­per­ing case; High Court stays pro­ceed­ing for one month 

You may like this video also

Exit mobile version