Site icon Janayugom Online

നേട്ടം കൊയ്ത് കുടുംബശ്രീയുടെ ഓണം വിപണന മേളകൾ

എറണാകുളം ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകൾ നടത്തിയ ഓണം വിപണന മേളയിൽ മികച്ച വിറ്റുവരവ്. ആകെ വിറ്റുവരവ് ഇനത്തിൽ 1.45 കോടി രൂപയാണ്  ലഭിച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഓണം വിപണന മേളകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം പരിമിതമായാണ് ഓണം വിപണന മേളകൾ സംഘടിപ്പിച്ചത്. എന്നാൽ ഈ വർഷം 101 സിഡിഎസുകളിൽ 95 സിഡിഎസുകളിലും ഓണം വിപണനമേള നടത്തി.

സർക്കാർ നിശ്ചയിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു നടത്തിയ വിപണന മേളയിൽ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ പച്ചക്കറിയും സംരംഭ യൂണിറ്റുകളുടെ പലഹാരങ്ങൾ, പൊടി ഉത്പന്നങ്ങൾ, വിവിധതരം അച്ചാറുകൾ, സ്ക്വാഷുകൾ,  തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ എന്നിവ വിപണനത്തിനായി എത്തിച്ചിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ തയ്യൽ കോൺസോർഷ്യം ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ച മാസ്കുകളും വിപണന മേളകളുടെ  പ്രത്യേക ആകർഷണം ആയിരുന്നു.

സിഡിഎസ് ഓണം വിപണനമേളകൾ കൂടാതെ ജില്ലയിൽ സപ്ലൈകോയുമായി സഹകരിച്ച് മറൈൻ ഡ്രൈവിലും കാക്കനാട് കളക്ടറേറ്റ് കോമ്പൗണ്ടിലും ആയി  രണ്ട് ജില്ലാ തല ഓണം വിപണന മേളകളും  സംഘടിപ്പിച്ചു.  ജില്ലയിലെ വിവിധ ഓണം മേളകളിൽ 1785 ജെ എൽ ജി ഗ്രൂപ്പുകളും 1850 സംരംഭ ഗ്രൂപ്പുകളാണ് പങ്കെടുത്തത്.

Eng­lish sum­ma­ry: Kudum­bas­ree Onam Fairs 

You may also like this video:

Exit mobile version