രാജ്യത്തെ പ്രതിപക്ഷപാർട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തിനു മുമ്പിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും തീരുവ കുറയ്ക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. സംസ്ഥാനവും നികുതി കുറച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 12 രൂപയും ഡീസലിന് എട്ടര രൂപയോളവും കുറയും. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് 200 രൂപ വീതം സബ്സിഡി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
എക്സൈസ് തീരുവ വെട്ടിക്കുറച്ചതുവഴി സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. രാസവള സബ്സിഡിക്ക് 1.05 ലക്ഷം കോടി അധികമായി വകയിരുത്തി. കൂടാതെ പ്ലാസ്റ്റിക് നിര്‍മ്മാണ ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ കസ്റ്റംസ് തീരുവയും ഉരുക്ക് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്.
മാർച്ച് 10 ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം എൽപിജിയുടെയും ഇന്ധനത്തിന്റെയും വില നിരവധി തവണ വർധിപ്പിച്ചിരുന്നു. പാചകവാതക വിലയും കുത്തനെ കൂട്ടി. ഇതിനെതിരെ സിപിഐ, സിപിഐ(എം), കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റികത്തും പുറത്തും ശക്തമായ പ്രതിഷേധമുയർത്തിയതാണ്.
ഇന്ധന വില വർധന നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാത്തതിനെ തുടർന്ന് പതിനൊന്ന് പാർട്ടികളിലെ എംപിമാർ മാർച്ചിൽ സഭാനടപടികൾ ബഹിഷ്കരിച്ചിരുന്നു. കേരളത്തില്‍ എൽഡിഎഫ് ഏപ്രിൽ 21 ന് സംസ്ഥാനത്താകമാനം പ്രതിഷേധ ധർണ നടത്തി. മേയ് 25 മുതല്‍ 31 വരെ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പാചകവാതക സബ്സിഡി കണ്ണിൽ പാെടിയിടൽ
കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ച പാചകവാതക സബ്സിഡി വെറും കണ്ണില്‍പ്പൊടിയിടല്‍. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് 200 രൂപ സബ്സിഡി. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് എട്ട് കോടി പേര്‍ക്കാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജന കണക്ഷനുള്ളത്. രാജ്യത്ത് 2021ലെ കണക്കനുസരിച്ച് 28.13 കോടിയാണ് ഗാര്‍ഹിക ഗ്യാസ് കണക്ഷന്‍. ഗാർഹികേതര ഉപയോക്താക്കളുടെ സംഖ്യ 32.4 ലക്ഷവും. അതായത് മഹാഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഗുണമില്ലാത്തതാണ് ധനമന്ത്രിയുടെ സബ്സിഡി പ്രഖ്യാപനം.
കേരളവും കുറച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഭീമമായി വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ കേരളത്തില്‍ പെട്രോളിന് 12 രൂപയും ഡീസലിന് എട്ടര രൂപയോളവും കുറയും.
കഴിഞ്ഞവര്‍ഷം പിഴിഞ്ഞത് നാല് ലക്ഷം കോടി
ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില വർധിപ്പിച്ചത്. രാജ്യത്താകമാനം നൂറിനു മുകളിലാണ് പെട്രോൾ, ഡീസൽ വില. കംപ്രസ്ഡ് പ്രകൃതിവാതക വിലയും കഴിഞ്ഞ 51 ദിവസത്തിനിടെ കിലോയ്ക്ക് 18.98 രൂപ വർധിപ്പിച്ചു. എൽപിജിയുടെ വില വ്യാഴാഴ്ച സിലിണ്ടറിന് 3.50 രൂപ വർധിപ്പിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് വിലകൂട്ടിയത്. ഇതോടെ, 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 2357.50 രൂപയായി.
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് ഈ മാസം ഏഴിന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിച്ചത്. എക്സൈസ് തീരുവയില്‍ വന്‍ വര്‍ധനയാണ് കേന്ദ്രം രണ്ടര വര്‍ഷത്തിനിടെ വരുത്തിയത്. 2019 അവസാനം പെട്രോളിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമായിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനം യഥാക്രമം 32.98 രൂപ, 31.83 രൂപ നിരക്കിലേക്ക് ഉയര്‍ത്തി. തീരുവ വര്‍ധനയിലൂടെ കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലു ലക്ഷം കോടിയോളം രൂപയാണ് അധികമായി നേടിയത്. 2013ല്‍ 52,537 കോടി രൂപയായിരുന്നു ഇന്ധന നികുതിയിനത്തില്‍ കേന്ദ്ര വരുമാനമെങ്കില്‍ 2019–20ല്‍ അത് 2.13 ലക്ഷം കോടിയായി.
English summary;Excise duty on petrol and diesel has been reduced
You may also like this video;