Site iconSite icon Janayugom Online

എക്‌സൈസിന്റെ വന്‍ ലഹരി വേട്ട; 15 കിലോ കഞ്ചാവ് പിടികൂടി

ഓണത്തോടനുബന്ധിച്ച് വില്‍പനയ്ക്കായി കടുത്തുരുത്തിയില്‍ എത്തിച്ച 15 ലക്ഷത്തോളം രൂപ വില വരുന്ന 15.200 കിലോഗ്രാം കഞ്ചാവ് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സുമെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാന്ന് കോട്ടയം എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്. ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജു ജോസഫ്, അരുണ്‍ ലാല്‍, ദീപക് സോമന്‍, ശ്യാം ശശിധരന്‍, എന്നിവര്‍ നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. 

തിങ്കളാഴ്ച കഞ്ചാവിന്റെ ഇടപാട് നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് എക്‌സൈസ് സംഘമെത്തി നീരിക്ഷണം നടത്തി. തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാജേഷിന്റെ നേതൃത്വത്തില്‍ കൗമാരക്കാരന്റെ വീട്ടിലെത്തി മുറി തുറന്നു പരിശോധിച്ചാണ് കട്ടിലിന്റെ അടിയില്‍ നിന്നും രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ 15 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഓണത്തോടനുബന്ധിച്ച് എന്‍ഫോഴ്‌സുമെന്റ് പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് ശക്തിപ്പെടുത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് കൗമാരക്കാരനെന്നും എക്‌സൈസ് അറിയിച്ചു.

Exit mobile version