Site iconSite icon Janayugom Online

ആവേശകരമായി സിപിഐ ഭവന സന്ദര്‍ശനം

സിപിഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാന പ്രകാരം ആരംഭിച്ച ഭവന സന്ദര്‍ശന കാമ്പയിന് ആവേശോജ്വല പ്രതികരണം. കാമ്പയിന്റെ രണ്ടാം ദിവസമായ ഇന്നലെയും സംസ്ഥാനത്തെ നൂറുകണക്കിന് ഭവനങ്ങളിലെത്തി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമായി ആശയവിനിമയം നടത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി ആര്‍ അനില്‍ എന്നിവര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷ്റഫ് എറണാകുളം ജില്ലയിലും ദേശീയ കൗണ്‍സിലംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാഞ്ഞങ്ങാടും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്കൊപ്പം നിര്‍ദേശങ്ങളും മറ്റ് വിഷയങ്ങളും ഭവന സന്ദര്‍ശനത്തിനെത്തിയവരോട് ജനങ്ങള്‍ മനസ് തുറന്നറിയിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചാരണങ്ങളും ചിലര്‍ ഉന്നയിച്ചു.
വിശ്വാസികളെ എന്നും ചേര്‍ത്തുനിര്‍ത്തിയ പ്രസ്ഥാനമാണ് സിപിഐയും എല്‍ഡിഎഫുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിശ്വാസങ്ങളുടെ മറപറ്റി വിശ്വാസ ഭ്രാന്ത് അടിച്ചേല്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മതഭ്രാന്തല്ല വിശ്വാസം. വിശ്വാസം പാവനമാണ്, മഹത്തരവുമാണ്. വിശ്വാസങ്ങളുടെ മറപറ്റിക്കൊണ്ട് എല്ലാ മതങ്ങള്‍ക്കുള്ളിലും വലതുപക്ഷത്തിന്റെ ഒത്താശയോടെ കോര്‍പറേറ്റ് കൊള്ളക്കാര്‍ക്കുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മതതീവ്രവാദം തല പൊക്കുന്നത്. അതിനെ ഇടതുപക്ഷം ഗൗരവത്തോടെയാണ് കാണുന്നത്. വിശ്വാസികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, തീവ്രവാദ പ്രവണതകളെ ‍ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 30 വരെയാണ് കാമ്പയിൻ. എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവൻ വീടുകളിലുമെത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. 

Exit mobile version