Site iconSite icon Janayugom Online

വ്യവസായ എസ്റ്റേറ്റുകളിലെ കെട്ടിടങ്ങൾക്ക് വസ്തു നികുതി ഇളവ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

സർക്കാർ അംഗീകൃത വ്യവസായ എസ്റ്റേറ്റുകളിലെ കെട്ടിടങ്ങൾക്ക് വസ്തു നികുതി ഈടാക്കാൻ പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
നഗരസഭയുടെ അനുമതിയില്ലാതെ കളമശേരി എച്ച്എംടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്വകാര്യ സ്ഥാപനം അനധികൃതമായി കെട്ടിടം നിർമ്മിച്ചതിന് പിഴ ഉൾപ്പടെ നികുതി ചുമത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കെട്ടിടഉടമയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു. അതിനെതിരെ നഗരസഭ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് സ്റ്റേ അനുവദിച്ചത്. അംഗീകൃത വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ പാർക്കുകൾ എന്നിവിടങ്ങളിൽ ഏകജാലക നിയമമനുസരിച്ച് ലൈസൻസോ പെർമിറ്റോ നഗരസഭയിൽ നിന്ന് ആവശ്യമില്ലായെന്നും അതുകൊണ്ട് തന്നെ കെട്ടിടനികുതി ഈടാക്കാൻ നഗരസഭയ്ക്ക് അധികാരമില്ലായെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. 

ഏകജാലക നിയമം അനുസരിച്ച് ലൈസൻസും പെർമിറ്റുകളും മറ്റും ഒരു ഏജൻസിയിൽ നിന്നും ലളിതവൽക്കരണത്തിന്റെ ഭാഗമായി കൊടുക്കാൻ അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നഗരസഭ കോടതിയില്‍ പറഞ്ഞു. നഗരസഭാ നിയമങ്ങളും അനുബന്ധ സർക്കാർ ഉത്തരവുകളും അനുസരിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലായെന്നും കെട്ടിടനിയമങ്ങള്‍ ബാധകമാണെന്നും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി എടുക്കാൻ അധികാരമുണ്ടെന്നും നഗരസഭ വാദിച്ചു. 

ഏകജാലക നിയമം അനുസരിച്ച് കെട്ടിടനിർമ്മാണത്തിനുള്ള അനുമതിയും അനുബന്ധ ലൈസൻസുകളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർമാനോ ഉൾപ്പടെയുള്ള കമ്മിറ്റിയാണ് നൽകേണ്ടത്. എന്നാൽ വ്യവസായ വകുപ്പ് മേൽ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് ലൈസൻസും പെർമിറ്റും കൊടുക്കുന്നത്. ഏകജാലക നിയമം അനുസരിച്ച് അനധികൃത നിർമ്മാണം ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ നടന്നാൽ നിയമ നടപടി സ്വീകരിക്കാൻ വ്യവസായ വകുപ്പിന് അധികാരമില്ല. അത്തരം അനധികൃത നിർമ്മാണങ്ങൾക്ക് നടപടി സ്വീകരിക്കേണ്ടതും നഗരസഭ നിയമമനുസരിച്ച് നഗരസഭ സെക്രട്ടറിയാണ്.
നഗരസഭയുടെ ഈ വാദം അംഗീകരിച്ച കോടതി അപ്പീൽ ഫയലിൽ സ്വീകരിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. 

Eng­lish Sum­ma­ry: Exemp­tion of prop­er­ty tax on build­ings in indus­tri­al estates: Stay on sin­gle bench order

You may also like this video

Exit mobile version