Site icon Janayugom Online

ഇന്ധനത്തിന് തീവില

സാധാരണക്കാരന്റെ ദുരിതം വര്‍ധിപ്പിച്ചുകൊണ്ട് ഇന്ധനവില വീണ്ടും കൂട്ടി. ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് 35 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 24 തവണ വിലയുയര്‍ത്തിയതോടെ ഒരു ലിറ്റര്‍ ഡീസലിന് 7.70 രൂപയാണ് കൂടിയത്. 

ഇന്നലത്തെ വില വര്‍ധനവോടെ കേരളത്തില്‍ പെട്രോളിന് 110 രൂപ കടന്നു. പാറശ്ശാലയിലാണ് പെട്രോളിന് 110.10 രൂപ രേഖപ്പെടുത്തിയത്. ഡീസലിന് 103.77 രൂപയാണ് ഇവിടെയുള്ള വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 109.84 രൂപയും ഡീസലിന് 103.51 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 107.88 രൂപയും 101.67 രൂപയും രേഖപ്പെടുത്തി. 

പെട്രോളിന് മുംബൈയില്‍ 113.46 രൂപയും ഡല്‍ഹിയില്‍ 107.59 രൂപയും കൊല്‍ക്കത്തയില്‍ 108.11 രൂപയും ബംഗളുരുവില്‍ 111.34 രൂപയും ചെന്നൈയില്‍ 104.52 രൂപയുമാണ് ലിറ്ററിന് ഇന്നലെ വില രേഖപ്പെടുത്തിയത്. ഇന്നലെയും വില കൂട്ടിയതോടെ ഡീസലിന്റെ വിലയും രാജ്യത്ത് പലയിടങ്ങളിലും നൂറ് രൂപയിലധികമായി. ‍ഡല്‍ഹിയില്‍ 96.32, മുംബൈയില്‍ 104.38, കൊല്‍ക്കത്തയില്‍ 99.43, ബംഗളുരുവില്‍ 102.23, ചെന്നൈയില്‍ 100.59 എന്നിങ്ങനെയാണ് ഡീസലിന്റെ പുതിയ വില. 

കേരളമുള്‍പ്പെടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും പെട്രോള്‍ വില നേരത്തേതന്നെ സെഞ്ച്വറി കടന്നിരുന്നു.
വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന സാഹചര്യത്തില്‍ ദീര്‍ഘദിവസങ്ങള്‍ നിര്‍ത്തിവച്ചിരുന്ന ഇന്ധനവില വര്‍ധനവ് പിന്നീട് പുനരാരംഭിച്ചത് വോട്ടെണ്ണല്‍ കഴിഞ്ഞ് മെയ് നാലിനായിരുന്നു. അന്ന് മുതല്‍ ജൂലൈ 17 വരെയുള്ള വെറും രണ്ടരമാസക്കാലം കൊണ്ട് പെട്രോളിന് വര്‍ധിച്ചത് 11.44 രൂപയാണ്. ഡീസലിന് 9.14 രൂപയും ഈ കാലയളവില്‍ വില കൂടിയിരുന്നു. ഇതോടെ വിമാന ഇന്ധനത്തെക്കാള്‍ 33 ശതമാനം അധികവിലയാണ് രാജ്യത്ത് പെട്രോളിന് നല്‍കേണ്ടിവരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള നികുതി കുത്തനെ വര്‍ധിപ്പിച്ചതിനുശേഷം കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് പെട്രോളിന് 36 രൂപയും ഡീസലിന് 26.58 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചിരിക്കുന്നത്. 2020 മെയ് അഞ്ചിനാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം ലിറ്ററിന് 32.9 രൂപയും 31.8 രൂപയുമാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

Eng­lish Sum­ma­ry : exhor­bi­tant­ly high prices for petrol and diesel

You may also like this video :

Exit mobile version