യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് — ഇടതു ഭരണങ്ങള്‍ തകര്‍ച്ച നേരിട്ടതോടെ ഈ പ്രത്യയശാസ്ത്രം തന്നെ കാലഹരണപ്പെട്ടുവെന്ന് പ്രവചിച്ചവര്‍ നിരവധിയായിരുന്നു. അത്തരം പ്രവചനങ്ങള്‍ക്ക് ചെവി നല്കാതെ ക്യൂബ, ചൈന, വിയറ്റ്നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേ ആശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകുമ്പോഴും പുതിയ രാജ്യങ്ങളില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള ഭരണകൂടങ്ങളും ഭരണാധികാരികളും അധികാരമേല്ക്കുമ്പോഴും പ്രചരണങ്ങള്‍ക്ക് തെല്ലും കുറവുണ്ടായില്ല. എതിരാളികള്‍ ആഗോള മുതലാളിത്തത്തിന്റെ മേന്മകളെകുറിച്ച് വാചാലമാവുകയും നിലവിലുള്ളതും പുതിയതായി രൂപംകൊണ്ടതുമായ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ കള്ളക്കഥകള്‍ മെനയുകയും ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ടൊന്നും ഈ ആശയത്തിന്റെ പ്രസക്തി ഇല്ലാതാകുകയല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ തന്നെയാണ് ലോകത്തിന്റെ പല കോണുകളിലും ദൃശ്യമാകുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ലോകത്തെ പല രാജ്യങ്ങളില്‍ നിന്നായി ഈ ദിശയിലേക്കുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. നിക്കരാഗ്വയില്‍ നിന്നായിരുന്നു ആദ്യവാര്‍ത്തയുണ്ടായത്. നിലവിലുള്ള പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടേഗ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു അത്. അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍പോലും കല്ലുവച്ച നുണകളാണ് സാമ്രാജ്യത്ത ശക്തികള്‍ ലോകമാകെ പ്രചരിപ്പിച്ചത്. അതിനെതിരെ അദ്ദേഹത്തെ തന്നെ തെരഞ്ഞെടുത്തുകൊണ്ട് നിക്കരാഗ്വന്‍ ജനത സുന്ദരമായ പ്രതികാരമാണ് വോട്ടെടുപ്പിലൂടെ നല്കിയത്.
ക്യൂബയെയും നിക്കരാഗ്വെയെയും പോലെ സാമ്രാജ്യത്തത്തിന്റെ കടുത്ത ഉപരോധങ്ങളും വെല്ലുവിളികളും കുപ്രചരണങ്ങളും നേരിടുന്ന വെനസ്വേലയിലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയ്‌ക്കും സഖ്യകക്ഷികൾക്കും വൻ വിജയമാണ് ഉണ്ടായത്. അമേരിക്കന്‍ സാമ്രാജ്യത്തം നേരിട്ട് അട്ടിമറിശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോഴും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഇടതുപക്ഷ സഖ്യത്തിന് 23 ഗവർണർ പദവികളിൽ 20ഉം തലസ്ഥാനമായ കാരക്കാസിലെ മേയർ സ്ഥാനവും ലഭിച്ചു. 2017ല്‍ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വന്‍ മുന്നേറ്റമാണ് ഇവിടെയുണ്ടായത്. ഇതിന് പിന്നാലെയാണ് ഹോണ്ടുറാസില്‍ ഇടതുപക്ഷ സ്ഥാനാർത്ഥി ഷിയോമാര കാസ്‌ട്രോ വന്‍ ഭുരിപക്ഷത്തില്‍ വിജയിച്ച് പ്രസിഡന്റായിരിക്കുന്നത്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് അവര്‍. നേരത്തെ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന, പുതിയ പ്രസിഡന്റ് കാസ്ട്രോയുടെ ഭര്‍ത്താവ് മാനുവേല്‍ സെലയയെ അട്ടിമറിച്ചാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലതുപക്ഷാഭിമുഖ്യമുള്ള നാഷണല്‍ പാര്‍ട്ടി അധികാരം പിടിക്കുന്നത്. ഇവിടെയും അട്ടിമറിക്ക് അമേരിക്ക എല്ലാ സഹായങ്ങളും ചെയ്തതതിന്റെ വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. 33നെതിരെ 53 ശതമാനം പേരുടെ വ്യക്തമായ പിന്തുണയുമായാണ് ഹോണ്ടുറാസില്‍ വീണ്ടും ഇടതുപക്ഷ പ്രസിഡന്റായി ഷിയോമാര തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഈ മാസം 19 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നല്ല മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഏഴുപേരുണ്ടായിരുന്ന ആദ്യഘട്ട മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയതില്‍ രണ്ടാം സ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗബ്രിയേല്‍ ബോറികാണ്. 26 ശതമാനം പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ജോസ് അന്റോണിയോക്ക് 28 ശതമാനം വോട്ടാണ് ലഭിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായി കേവലം രണ്ടു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ ഡിസംബര്‍ 18ലെ വോട്ടെടുപ്പ് നിര്‍ണായകമായി മാറിയിരിക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 1970കളില്‍ ചിലിയിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ചതിന്റെ പാപക്കറയും അമേരിക്കന്‍ ഭരണകൂടത്തിന്റെ കൈകളില്‍ തന്നെയാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായിരുന്നു.
ഇതുകൂടി വായിക്കാം: ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിന്റെ വഴിത്തിരിവില്‍
യൂറോപ്പിന്റെ ഭാഗമായ ഓസ്ട്രിയയിലെ വന്‍ നഗരങ്ങളില്‍ രണ്ടാമത്തേതായ ഗ്രാസില്‍ മേയറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ കൗണ്‍സിലര്‍ പദവിയിലുള്ള എല്കെ കര്‍ ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലാറ്റിനമേരിക്കയിലെ ക്യൂബ, നിക്കാരഗ്വ, വെനസ്വേല, ബൊളീവിയ, പെറു, അര്‍ജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ പുരോഗമന — ഇടതുപക്ഷ — ജനാധിപത്യ സര്‍ക്കാരുകള്‍ക്കു പിറകേയാണ് ഹോണ്ടുറാസിലെ വിജയവും വെനസ്വേലയിലെതന്നെ പ്രാദേശിക വിജയവും ഓസ്ട്രിയയിലെ മേയര്‍ പദവിയും ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് എതിരെ എന്നതുപോലെ ഹോണ്ടുറാസിന് നേരെയും ‘ജനാധിപത്യ പുനഃസ്ഥാപന’മെന്ന പേരുപറഞ്ഞ് യുഎസ് അതിക്രമങ്ങള്‍ ശക്തിപ്പെടും. അതാത് രാജ്യങ്ങളോടൊപ്പം ലോകത്താകെയുള്ള പുരോഗമന — ഇടതു- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച് മുന്നേറുമെന്നുറപ്പാണ്. തകര്‍ന്നുവെന്നും പ്രസക്തി ഇല്ലാതായെന്നും ലോക മുതലാളിത്ത ശക്തികളും അവരുടെ കൂലിക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കെ തന്നെ ഇത്തരം വിജയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് പുരോഗമന വിശ്വാസികള്‍ക്കെല്ലാം പ്രതീക്ഷയും ആവേശവും പകരുന്നതാണ്.
You may also like this;