മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ മാറി ബസാർഗാവിലെ സോളാർ ഗ്രൂപ്പ് പ്ലാൻറിലാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടം പൂർണമായും തകർന്നു.
25 വയസ്സുള്ള ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ 8 പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നാണ് കമ്പനി അധികൃതരുടെ വാദം.
പരിക്കേറ്റ 7 പേർ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണെന്നും മറ്റ് 7 പേർക്ക് നിസാര പരിക്കുകളാണുള്ളതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടനത്തിൻറെ കാരണം കണ്ടെത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി(PESCO) ഓർഗനൈസേഷൻ സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ പറഞ്ഞു.

