കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളും എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ജനപ്രതിനിധികൾ ഇന്ന് ഡൽഹിയിലെ ജന്തർ മന്ദറിൽ സവിശേഷമായ ഒരു സമരം നടത്തുകയാണ്. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്നനിലയിലാണ് മുൻ കീഴ്‌വഴക്കങ്ങൾ ഏറെയില്ലാത്ത ഇത്തരമൊരു പ്രക്ഷോഭത്തിന് കേരളം നിർബന്ധിതമായത്. നിയമാനുസൃതം സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സ്വയംഭരണാവകാശത്തെ പരിമിതപ്പെടുത്തുന്ന പുതിയ നിബന്ധനകളിലൂടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര ധനമന്ത്രാലയവും മോഡി സർക്കാരും അവലംബിക്കുന്നത്. ബിജെപിയുടെയോ അവർക്ക് പങ്കാളിത്തമുള്ളതോ ആയ സംസ്ഥാന സർക്കാരുകളോട് സ്വീകരിക്കുന്നതിൽനിന്നും വ്യത്യസ്തമായ വിവേചനപരമായ സമീപനമാണ് മോഡി സർക്കാർ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അനുവർത്തിക്കുന്നത്. അത് സംസ്ഥാനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വളർച്ചാ മുരടിപ്പിലേക്കും നയിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സമരം ഒറ്റപ്പെട്ട പ്രതിഭാസം അല്ലാതെയായിരിക്കുന്നു. ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ആ സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത പ്രക്ഷോഭം ഡൽഹിയിൽ നടക്കുകയുണ്ടായി. സമാനരീതിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ദിവസങ്ങൾ നീണ്ട സത്യഗ്രഹവും നടന്നു. രാജ്യത്ത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏതാണ്ടെല്ലാം സഹകരണാത്മക ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത സാമ്പത്തിക വിവേചനത്തെയാണ് നേരിടുന്നത്.
ഇതുകൂടി വായിക്കൂ; ജനാധിപത്യമതേതര മുന്നണി അനിവാര്യം
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കേരളം നടത്തുന്ന സമരത്തിനും സുപ്രീം കോടതിയിൽ നടത്തിവരുന്ന കേസിനും ഇതര സംസ്ഥാന സർക്കാരുകളിൽനിന്നും, കേരളത്തിന് പുറത്ത്, കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളിൽനിന്നും സജീവ പിന്തുണയാണ് ലഭിച്ചുവരുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ പൊതുവും ന്യായവുമായ ആവശ്യത്തിന് പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണിയുടെ പിന്തുണ എൽഡിഎഫും മുഖ്യമന്ത്രിയും നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ഉത്തമതാല്പര്യം സംരക്ഷിക്കാൻ ഒരുമിച്ചുനിൽക്കണമെന്ന ആ അഭ്യർത്ഥനയോട് സങ്കുചിത രാഷ്ട്രീയ പരിഗണനകളുടെ പേരിൽ പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങൾക്ക് എൽഡിഎഫ് സർക്കാരാണ് ഉത്തരവാദിയെന്ന ബാലിശമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് സമീപനം. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ അവഗണനയും ഞെരുക്കവും നേരിടുന്ന കോൺഗ്രസ് സർക്കാരുകളും പാർട്ടി നേതാക്കളും കോൺഗ്രസ് ഉൾപ്പെട്ട മുന്നണി സർക്കാരുകളും കേരളത്തിന്റെ നിലപാട് യാഥാർത്ഥ്യബോധത്തോടെ അംഗീകരിക്കുകയും എൽഡിഎഫ് സർക്കാരിനെ ഈ സമരത്തിൽ പിന്തുണയ്ക്കാൻ സന്നദ്ധമായി പരസ്യമായി മുന്നോട്ടുവരികയുമുണ്ടായി. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവരും കേരളത്തിന് പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നു. രാജ്യത്ത് ജനാധിപത്യവും നിയമവാഴ്ചയും പുലർന്നുകാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ രാഷ്ട്രീയ ശക്തികളും ബിജെപിയുടെ ഫാസിസ്റ്റ് ഏകാധിപത്യ പ്രവണതയ്ക്കെതിരെ രാജ്യത്തിന്റെ സഹകരണാത്മക ഫെഡറലിസത്തിനും സംസ്ഥാനങ്ങൾക്ക് തുല്യപരിഗണന ഉറപ്പുവരുത്തുന്നതിനും കൈകോർത്ത് പ്രവർത്തിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇതുകൂടി വായിക്കൂ; കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം
ജന്തർ മന്ദറിൽ ഇന്ന് നടക്കുന്ന പ്രക്ഷോഭംകൊണ്ടും കേരളത്തിൽ ഉടനീളം എൽഡിഎഫ് നടത്തുന്ന സമര, പ്രചാരണ പരിപാടികൾകൊണ്ടും പരിഹാരം കണ്ടെത്താവുന്ന പ്രശ്നമല്ല ബിജെപി സർക്കാർ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവലംബിക്കുന്ന സാമ്പത്തിക നയസമീപനങ്ങൾ. ബിജെപി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായിട്ടുള്ള ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും അവിഭാജ്യ ഘടകമാണീ സമരം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും സംസ്ഥാനങ്ങളും ഇന്ത്യൻ യൂണിയനും തമ്മിലുള്ള സഹകരണാത്മക ഫെഡറലിസത്തിനും വേണ്ടിയുള്ള വിശാല പോരാട്ടത്തിന്റെ ഭാഗമാണ് ഈ പ്രക്ഷോഭണം. അതിന്റെ വിജയമാകട്ടെ ഫാസിസ്റ്റ് ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിലൂടെ മാത്രമേ കൈവരിക്കാനാവൂ.