Site iconSite icon Janayugom Online

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അസാധാരണ നടപടി

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് വിവിധങ്ങളായ നടപടികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. തെലങ്കാനയിൽ മുഖ്യമന്ത്രിയെ വിമർശിച്ചുവെന്ന പേരിൽ 40 ഓളം മാധ്യമ പ്രവർത്തകരെയാണ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെയും തെലങ്കാന രാഷ്ട്ര സമിതിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതായിരുന്നു ആരോപിച്ച കുറ്റം. രണ്ടു മാസം മുമ്പാണ് ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകരായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ബംഗ്ലാദേശില്‍ നടന്ന കലാപത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ കുറിച്ചുള്ള വസ്തുതാപരമായ വാര്‍ത്തകളുടെ പേരിലായിരുന്നു സകുനിയ, സ്വര്‍ണ ഝാ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിഷേധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളും തീവയ്പും ഒക്കെയായിരുന്നു അവര്‍ വാര്‍ത്തയാക്കിയത്. അതില്‍ കുപിതരായാണ് സംസ്ഥാന പൊലീസിന്റെ നടപടി. മധ്യപ്രദേശിലും അസമിലും ഉത്തര്‍പ്രദേശിലുമൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളും വായടപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പല രൂപത്തിലാണ് നടക്കുന്നത്. കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം അധികൃതരുടെ കിരാത നടപടികള്‍ നേരിടുന്നുണ്ട്. നേതാക്കളില്‍ പലരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. സംസ്ഥാനത്തെ വിഭജിച്ച ശേഷം പക്ഷപാതപരമായി മണ്ഡല പുനര്‍നിര്‍ണയം നടത്തിയതിനെതിരെ പ്രതിഷേധിക്കുവാനുള്ള അവസരം പോലും നിഷേധിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുഫ്തി മുഹമ്മ് സെയ്ദിന്റെ ചരമ വാര്‍ഷികത്തിന് ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുവാനെത്തിയ പത്തുപേര്‍ക്കെതിരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ചരമവാര്‍ഷികം പോലും ആചരിക്കുവാന്‍ സാധിക്കാത്ത വിധം കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ചങ്ങലക്കെട്ടിലാക്കിയിരിക്കുകയാണ് അധികൃതര്‍. ഈ വിധത്തിലുള്ള നിരവധി നടപടികളാണ് അവിടെയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെയും മാധ്യമ പ്രവര്‍ത്തകനെയും ജയിലില്‍ അടച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദ് അഹ്സനെ സമൂഹമാധ്യമങ്ങളിലൂടെ വിഘടനവാദം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ജയിലിലടച്ചത്. കേന്ദ്ര ഭരണ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് അദ്ദേഹം ശ്രമിച്ചുവെന്നാണ് പൊലീസിന്റെ വാദം.


ഇതുകൂടി വായിക്കാം; മാധ്യമങ്ങളും ബിജെപി സര്‍ക്കാരുകളും


യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്ന കുറ്റവും അദ്ദേഹത്തിനുമേല്‍ ചുമത്തി. അഹ്സനെ അറസ്റ്റ് ചെയ്തതിന്റെ തലേദിവസമായിരുന്നു മാധ്യമ പ്രവര്‍ത്തകനായ സജാദ് ഗുലിനെ കസ്റ്റഡിയിലെടുത്തത്. ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിഷേധിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. പ്രതിഷേധിക്കുന്നവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമാണ് മുഴക്കിയതെന്നും അത് പ്രചരിപ്പിച്ചത് ദേശദ്രോഹമാണെന്നുമായിരുന്നു കശ്മീര്‍ പൊലീസിന്റെ നിലപാട്. രണ്ടു ദിവസങ്ങള്‍ക്കുശേഷം ശനിയാഴ്ച 30,000 രൂപ ജാമ്യത്തില്‍ സജാദിനെ വിട്ടയക്കുന്നതിന് ജമ്മു കശ്മീര്‍ കോടതി ഉത്തരവിട്ടുവെങ്കിലും ഞായറാഴ്ച പൊതു സുരക്ഷാ നിയമം ചുമത്തി പുതിയ കേസെടുത്ത് അദ്ദേഹത്തിന്റെ ജയില്‍ വിമോചനം തടഞ്ഞിരിക്കുകയാണ്. ജാമ്യവിധിയില്‍ മറ്റു കേസുകളില്‍ പ്രതിയല്ലെങ്കില്‍ എന്ന കോടതി പരാമര്‍ശം ഉള്ളതിനാല്‍ മോചനം തടയുന്നതിന് പുതിയ കേസ് ചുമത്തുകയായിരുന്നു.ഇതിന്റെ തുടര്‍ച്ചയായി അസാധാരണവും വിചിത്രവുമായ നടപടിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെയും അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. കശ്മീര്‍ പ്രസ് ക്ലബ്ബ് കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യം ഒരുവിഭാഗത്തെ ഉപയോഗിച്ച് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇന്നലെയാണ് കെട്ടിടവും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രസ് ക്ലബ്ബിന്റെ ഇടക്കാല ഭാരവാഹികളെന്ന് സ്വയം പ്രഖ്യാപിച്ച ചിലരാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രസ് ക്ലബ്ബ് ആദ്യം പിടിച്ചെടുത്തത്. രണ്ടുവര്‍ഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങള്‍ കാരണം തെര‍ഞ്ഞെടുപ്പ് യഥാസമയം നടത്തുവാന്‍ സാധിച്ചില്ല. അത്തരം സന്ദര്‍ഭത്തില്‍ നിലവിലുള്ള ഭരണസമിതി തുടരുകയാണ് രീതി. എന്നാല്‍ പ്രസ് ക്ലബ്ബിന്റെ അംഗീകാരം റദ്ദുചെയ്യുകയായിരുന്നു അധികൃതര്‍. തുടര്‍ന്ന് പ്രസ് ക്ലബ്ബ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരു വിഭാഗം പ്രസ് ക്ലബ്ബ് പിടിച്ചെടുക്കുകയായിരുന്നു. അധികാരം പിടിച്ചുവെന്നവകാശപ്പെടുന്ന വിമത വിഭാഗം പൊലീസ് കാവലിലാണ് പ്രസ് ക്ലബ്ബില്‍ കയറുന്നത്. ജനാധിപത്യ വിരുദ്ധവും ദൗര്‍ഭാഗ്യകരവുമായ ഇത്തരമൊരു നടപടി അധികൃതര്‍ തന്നെ ഒരു വിഭാഗത്തെ ഉപയോഗിച്ച് ആസൂത്രണം ചെയ്തുവെന്നാണ് ഇന്നലെ കെട്ടിടം ഏറ്റെടുത്തതോടെ വ്യക്തമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തനത്തെയും തടയുന്നതിന് പല രൂപത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കശ്മീരില്‍ സംഭവിച്ചത് അതിന്റെ പാരമ്യത്തിലുള്ളതായിരുന്നു. മാധ്യമങ്ങളെയും അവയുടെ കൂട്ടായ്മകളെയും അധികൃതര്‍ എത്രത്തോളം ഭയക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ഹീനമായ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനകരമാണ്.

 

You may also like this video;

Exit mobile version