Web Desk

December 06, 2021, 5:00 am

മാധ്യമങ്ങളും ബിജെപി സര്‍ക്കാരുകളും

Janayugom Online

കോവിഡിന് രണ്ടുവര്‍ഷമാകുമ്പോഴാണ്, അതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട പ്രവേശനാനുമതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നടന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 2020 മാര്‍ച്ച് മാസത്തില്‍ ബജറ്റ് സമ്മേളനം മുതലായിരുന്നു മാധ്യമവിലക്ക് നടപ്പിലാക്കിയത്. സമ്പര്‍ക്ക വിലക്കിന്റെയും സാമൂഹ്യ അകലത്തിന്റെയും കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന അക്കാലത്ത് അത് തെറ്റുമായിരുന്നില്ല. പിന്നീട് ലോക്ഡൗണിലും മറ്റ് നിയന്ത്രണങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൂര്‍ണ വിലക്കില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ എന്ന അവസ്ഥയിലേക്ക് മാറി. ആഴ്ചയില്‍ രണ്ടു ദിവസം പാര്‍ലമെന്റ് വളപ്പില്‍ കടക്കുവാന്‍ അനുവദിച്ചു. എന്നാല്‍ സഭാ നടപടികള്‍ നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നതിനും ലോക്‌സഭ, രാജ്യസഭ, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഗ്യാലറികളില്‍ പ്രവേശിക്കുന്നതിനും അനുവാദം നല്കിയില്ല. ഒന്നാം കോവിഡ് തരംഗത്തിനുശേഷം സാധാരണ നിലയിലേക്ക് രാജ്യം കടന്നുവെങ്കിലും പാര്‍ലമെന്റിലെ മാധ്യമ നിയന്ത്രണം തുടര്‍ന്നു. രണ്ടാം തരംഗവും പിന്നിട്ട് രാജ്യമാകെ സാധാരണ നിലയിലേയ്ക്ക് കടന്നിട്ടും നിയന്ത്രണങ്ങള്‍ നീക്കുന്നതിന് ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ല. വന്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ മേഖലകളും പൂര്‍ണമായും തുറന്നുകഴിഞ്ഞു. ഒമിക്രോണ്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ടെങ്കിലും തുറന്നതൊന്നും അടയ്ക്കുന്നതിന് നിര്‍ദ്ദേശവുമില്ല. വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മാത്രമല്ല സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. എന്നിട്ടും ജനപ്രാതിനിധ്യ സഭകളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം തുടരുന്നത് ദുരൂഹമാണ്. എന്നുമാത്രമല്ല മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരവസരവും പാഴാക്കരുതെന്ന ബിജെപി സര്‍ക്കാര്‍ നിലപാടിന്റെ പ്രതിഫലനം കൂടിയാണിത്. കേന്ദ്രത്തില്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സ്വീകരിക്കുന്ന സമീപനങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. തന്റെ പ്രാദേശിക പോര്‍ട്ടലില്‍ എഴുതിയ മുഖപ്രസംഗത്തിന്റെ പേരില്‍ അസമില്‍ അനിര്‍ഭന്‍ റോയി എന്ന മാധ്യമ പ്രവര്‍ത്തകനെതിരെ ദേശദ്രോഹക്കേസാണ് ചുമത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കാം; വർഗീയ ധ്രുവീകരണം ; ആയുധമാക്കി ബിജെപി


നവംബര്‍ 28ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ബിജെപിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പ്രാദേശിക നേതാവിനെ സസ്പെന്‍ഡ് ചെയ്തതും അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചതും സംബന്ധിച്ചായിരുന്നു. പ്രസ്തുത പ്രാദേശിക നേതാവ്, അഭിഭാഷകന്‍ കൂടിയായ പ്രദീപ് ദത്ത ഉന്നയിച്ചത് സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷത്തിന്റെ വിഷയവും. അതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല ദത്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ വിഷയങ്ങള്‍ വിമര്‍ശന വിധേയമാക്കുന്നതായിരുന്നു റോയി എഴുതിയ മുഖപ്രസംഗം. ഇതിന്റെ പേരിലാണ് റോയിക്കെതിരെ ദേശദ്രോഹം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. സമീപനാളുകളില്‍ ഏറ്റവും വലിയ വംശവിദ്വേഷ അതിക്രമങ്ങള്‍ നടന്നതും ബിജെപി ഭരിക്കുന്നതുമായ ത്രിപുരയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബംഗ്ലാദേശില്‍ നടന്ന കലാപത്തിനെതിരെ പ്രതിഷേധിക്കുവാനെന്ന പേരില്‍ സംസ്ഥാനത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെ വ്യാപകമായ അക്രമങ്ങളും കൊള്ളിവയ്പുമാണ് നടന്നത്. ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമൃദ്ധി സകുന്യ, സ്വര്‍ണ ഝാ എന്നീ രണ്ടു വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. വിവിധ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസ് അനുസരിച്ച് നിയമവിരുദ്ധമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സൂര്യാസ്തമനത്തിന് ശേഷവും ഉദയത്തിന് മുമ്പും സ്ത്രീകളെ കസ്റ്റഡിയിലെടുക്കരുതെന്ന വ്യവസ്ഥ നിലനില്ക്കുമ്പോള്‍ പുലര്‍ച്ചെ 5.30ന് ആയിരുന്നു ഇരുവരുടെയും അറസ്റ്റ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സംഭവിച്ചവയാണ് ഇവയെങ്കില്‍ ബിജെപി ഭരിക്കുന്ന യുപിയിലും മറ്റും ഒരുവര്‍ഷത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് നിഷ്പക്ഷമായ വാര്‍ത്തകളുടെയും വാര്‍ത്താശേഖരണത്തിന്റെയും പേരില്‍ വേട്ടയാടപ്പെട്ടത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഒരുവര്‍ഷത്തിലധികമായി യുപിയില്‍ ജയിലില്‍ കഴിയുകയാണ്. ഇതിന്റെ കൂടെ വായിക്കേണ്ടതാണ് പാര്‍ലമെന്റിലെ മാധ്യമ നിയന്ത്രണം. കോവിഡിനെ മറയാക്കി മാധ്യമങ്ങളെ മാറ്റിനിര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ഒരുവര്‍ഷത്തിനിടെയാണ് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കാവുന്ന മാരണ നിയമങ്ങള്‍ പലതും പാസാക്കിയെടുത്തത്. ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ മാത്രമല്ല, മാധ്യമങ്ങളില്ലാതെയുമാണ് പ്രസ്തുത നിയമങ്ങള്‍ പസാക്കിയെടുക്കുവാന്‍ ശ്രമിച്ചതെന്നത് യാദൃച്ഛികമല്ലെന്നും ബോധപൂര്‍വമാണെന്നും മനസിലാക്കുവാന്‍ പ്രയാസമില്ല.