Site iconSite icon Janayugom Online

അതിതീവ്ര മഴ: ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്ത മഴ. തെക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്തമഴയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ് നാടിന് മുകളിലും നിലനില്‍ക്കുന്ന ചക്രവാതചുഴിയെ തുടര്‍ന്ന് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണുള്ളത്.

തെക്ക് ആന്‍ഡമാന്‍ കടലില്‍ തായ്‌ലന്‍ഡ് തീരത്തിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് നാളെയോടെ വടക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ഈ മാസം 18 ഓടെ ആന്ധ്രാതീരത്ത് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങിയെത്തണമെന്നും അറിയിപ്പുണ്ട്. 

യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കും. അടിയന്തര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പൊലീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry : extreme rains and alert issued in kerala

You may also like this video :

Exit mobile version