Site icon Janayugom Online

ബിജെപിക്ക് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം

സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതും വിഭജനം സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളോട് സോഷ്യല്‍ മീഡിയ കമ്പനികളുടെ സമീപനം പക്ഷപാതപരമെന്ന് റിപ്പോര്‍ട്ട്. അപകടകരമായ ഉള്ളടക്കങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന് ഫേസ്ബുക്ക് ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്ത്യയില്‍ വലതുപക്ഷ ആശയ പ്രചാരണത്തിന് ഫേസ്ബുക്ക് സഹായം ചെയ്യുന്നതായി പുതിയ വെളിപ്പെടുത്തലും ഉണ്ടായി. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഫേസ്ബുക്കിന്റെ സഹായം കിട്ടിയതായി കമ്പനിയുടെ മുൻ ഡാറ്റ സയന്റിസ്റ്റ് സോഫി ഷാൻങ് പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി നിരവധി വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നെന്നും ഇക്കാര്യത്തില്‍ ഫേസ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്നും പറഞ്ഞു. 

മുന്‍ ജീവനക്കാരിയായ ഫ്രാന്‍സെസ് ഹേഗന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന് കൈമാറിയ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്ത് ഏതാണ്ട് 290 കോടിയോളം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.ഡല്‍ഹി കലാപത്തിന്റെ സമയത്ത് ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളിൽ നിന്ന് ഫെയ്സ്ബുക്ക് ലാഭമുണ്ടാക്കിയെന്ന് നേരത്തെ മുൻ ജീവനക്കാരൻ മാർക്ക് ലൂക്കിയും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ബിജെപി നേതാവ് ടി രാജസിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തിയതായും ആരോപണം ഉണ്ടായിരുന്നു. 

തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് അടക്കം ഇന്ത്യയില്‍ ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം യുഎസില്‍ ക്യാപിറ്റോള്‍ കലാപത്തിന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പകരം ഒരു ദേശസ്‌നേഹ പാര്‍ട്ടി രൂപീകരിക്കുന്നത് ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം ഫേസ്ബുക്ക് ഫലപ്രദമായി തടഞ്ഞിരുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് ആഭ്യന്തര റിപ്പോര്‍ട്ടിലുണ്ട്.

നിരോധിച്ചതില്‍ ഭൂരിപക്ഷവും മുസ്‌ലിം സംഘടനകള്‍

ഫേസ്ബുക്ക് നിരോധിച്ച വ്യക്തികളുടെയും സംഘടനകളുടെ പട്ടികയില്‍ ഭൂരിപക്ഷവും മുസ്‌ലിം സംഘടനകള്‍. ഈ മാസം 12നാണ് 4000 വ്യക്തികളും സംഘടനകളും (ഡിഐഒ) ഉള്‍പ്പെടുന്ന 100 പേജുള്ള പട്ടിക ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചത്. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്, ജെയ്‌ഷെ- ഇ- മുഹമ്മദ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍, സിപിഐ (മാവോയിസ്റ്റ്) തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ സംഘടനകള്‍. എന്നാല്‍ സനാതന്‍ സന്‍സ്ത ഒഴികെയുള്ള വലതുപക്ഷ തീവ്ര ഹിന്ദുത്വ സംഘടനകളെ രഹസ്യ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്വിറ്ററും സന്ധിചെയ്യുന്നു

വലതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങളോടും വാര്‍ത്താ മാധ്യമങ്ങളോടും ട്വിറ്റര്‍ അല്‍ഗോരിതം സന്ധി ചെയ്യുന്നതായി കണ്ടെത്തല്‍. ട്വിറ്റര്‍ തന്നെ നടത്തിയ ആഭ്യന്തര പഠനത്തിലാണ് കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് കണ്ടെത്തുക ശ്രമകരമാണെന്ന് ട്വിറ്റര്‍ പറയുന്നു.
കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, സ്പെയിന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത പ്രതിനിധികളുടെ ട്വീറ്റുകളാണ് പഠനത്തിന് വിധേയമാക്കിയത്. 

ഏഴ് രാജ്യങ്ങളില്‍ ജര്‍മ്മനിയിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ട്വീറ്റുകളിലാണ് വലതുപക്ഷ ചായ്‌വുള്ള ഉള്ളടക്കങ്ങളോട് ഏറെ സന്ധി ചെയ്യുന്നതായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Eng­lish Sum­ma­ry : face­book becom­ing pro bjp

You may also like this video :

Exit mobile version