Site iconSite icon Janayugom Online

ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച: നെൽ കർഷകർക്ക് ലക്ഷങ്ങളുടെ നാശ നഷ്ടം

ശക്തമായ മഴയെ തുടർന്ന് ചെന്നിത്തല പാടശേഖരങ്ങളിൽ മട വീഴ്ച ഉണ്ടാകുന്നത് നെൽ കർഷകരെ ദുരിതത്തിലാക്കി. വിവിധ പാടങ്ങളിലെ വിത വെള്ളത്തിൽ മുങ്ങി നശിച്ചു. ശക്തമായ മഴയിൽ അച്ഛൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൊട്ടടുത്ത പാടശേഖരങ്ങളിലേക്ക് വെള്ളത്തിന്റെ തള്ളൽ ഉണ്ടായതോടെ 2,8,9 ബ്ലോക്ക് പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മടവീഴ്ച ഉണ്ടാവുകയും കർഷകർ ഏറെ പ്രയത്നിച്ച് മുട്ടിട്ട് സംരക്ഷണം ഒരുക്കുകയും ചെയ്തിരുന്നു. വീണ്ടും ഇന്ന് വെളുപ്പിന് മട വീഴ്ച ഉണ്ടായതോടെ നെൽകൃഷിക്കായി തയ്യാറെടുത്ത കർഷകർ ആകെ പ്രതിസന്ധിയിലായി. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. 

മട വീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരും. ദിവസങ്ങളോളം കഠിനപ്രയത്നം നടത്തുകയും വേണം. മഴ നിന്നാൽ മാത്രമേ ഇനിയും പമ്പിംഗ് നടത്തി കൃഷി ആരംഭിക്കാൻ കഴിയുകയുള്ളൂ. ദിവസങ്ങൾ നഷ്ടപ്പെടുന്നതോടെ വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യുമെന്ന് ചെന്നിത്തല പുഞ്ചം രണ്ടാം ബ്ലോക്ക് പാടശേഖര സമിതി സെക്രട്ടറി ബിജു പ്രാവേലിൽ, പ്രസിഡന്റ് പ്രസന്നൻ എന്നിവർ പറഞ്ഞു. അച്ചൻ കോവിലാറ്റിൽ നിന്ന് അധികമായി ഉണ്ടാകുന്ന ഒഴുക്കിനെ തടസ്സപ്പെടുത്തി കൊണ്ട് കരിപ്പുഴ തോട്ടിൽ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചിരിക്കുന്ന തടയണയാണ്. ഇവിടെയ്ക്ക് അധികമായി കിഴക്കൻ വെള്ളമെത്താനുള്ള കാരണമെന്ന് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മ ആരോപിക്കുന്നു. കരിപ്പുഴ തോട്ടിലെ തടയണ പൂർണ്ണമായും നീക്കം ചെയ്യാതെ അപ്പർകുട്ടനാട് മേഖലയിലെ മടവീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താനാവില്ലന്ന് ജി ഹരികുമാർ പറഞ്ഞു.

Exit mobile version