Site iconSite icon Janayugom Online

ഫെയ്ന്‍ജല്‍‌: തുലാമഴയിലെ കുറവ് നികന്നു

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചതോടെ തുലാവര്‍ഷ ലഭ്യത കുറവിന് പരിഹാരമായി. നവംബര്‍ 30ന് രാവിലെ 23 ശതമാനമായിരുന്ന മഴക്കുറവ് ഇന്നലെ മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10.50 സെന്റീ മീറ്റർ മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 45.19 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി 46.67 സെന്റീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കോഴിക്കോട് ജില്ലയിൽ 35 ശതമാനം മഴക്കൂടുതൽ രേഖപ്പെടുത്തി. കണ്ണൂര്‍-20, കോട്ടയം-10, പത്തനംതിട്ട‑7, തൃശൂര്‍ മൂന്ന് ശതമാനം വീതം മഴ കൂടി. കൊല്ലം, എറണാകുളം ജില്ലകളിൽ യഥാക്രമം 31, 26 ശതമാനം മഴക്കുറവുണ്ട്. 

മലപ്പുറം, വയനാട് ജില്ലകളില്‍ 10 ശതമാനം വീതവും പാലക്കാട്-ഏഴ്, ഇടുക്കി-ആറ്, കാസര്‍കോട്-നാല്, തിരുവനന്തപുരം-മൂന്ന് ശതമാനവും മഴ കുറഞ്ഞു. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ 23 ദിവസമാണ് സംസ്ഥാനത്താകെ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ഫെയ്ന്‍ജലിന്റെ ഭാഗമായുള്ള മഴ കിട്ടിയത്. ഇതില്‍ ഡിസംബര്‍ രണ്ടിന് മൂന്ന് സെന്റീമീറ്ററും മൂന്നിന് അഞ്ച് സെന്റീമീറ്ററും മഴ കിട്ടി. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലവര്‍ഷത്തില്‍ 13 ശതമാനം മഴ കുറഞ്ഞു. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള വേനല്‍ക്കാലത്ത് 39 ശതമാനം മഴ കൂടുകയും ചെയ്തു.
അതേസമയം അറബിക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയിലെത്തിയ ഫെയ്ന്‍ജലിന്റെ അവശേഷിക്കുന്ന ഭാഗം ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version