കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതി അനിൽ കുമാർ കസ്റ്റഡിയിൽ. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ കേസെടുത്തതിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയിരുന്നു. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അറസ്റ്റിലായ അനിൽകുമാർ. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് ദത്തെടുത്ത കുഞ്ഞിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്നാണ് കേസ്.
സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നാണ് അനിൽ കുമാർ പറഞ്ഞിരുന്നത്. സൂപ്രണ്ട് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അനൂപ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റ് ശരിപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അനിൽ കുമാറിന്റെ വാദം. എന്നാൽ ഈ വാദം തള്ളികളയുകയാണ് സൂപ്രണ്ട്. കളമശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്ന എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ രഹ്നയ്ക്കെതിരെയും കേസുണ്ട്. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകൾ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതും അടക്കം സങ്കീർണമായ നിരവധി തട്ടിപ്പുകൾ കളമശേരി സംഭവത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
English Summary: Fake birth certificate case: 1st accused in custody
You may also like this video

