Site iconSite icon Janayugom Online

കയറാന്‍ വൈകി; വ്യാജ ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ പിടിച്ചിടീച്ച പഞ്ചാബ് സ്വദേശി അറസ്റ്റില്‍

വ്യാജ ബോംബ് ഭീഷണിമുഴക്കി ട്രെയിന്‍ പാതിയില്‍ പിടിച്ചിടീച്ച് ഡല്‍ഹി യാത്ര സുരക്ഷിതമാക്കാന്‍ നോക്കിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് കയറേണ്ടിയിരുന്ന ജയ് സിങ് എന്ന യാത്രക്കാരനാണ് താന്‍ എത്തുംമുമ്പ് ട്രെയിന്‍ എടുത്തതിനാല്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞത്. ഈ സമയം ട്രെയിന്‍ തൃശൂരിനടുത്തെത്തിയിരുന്നു.

ഡൽഹിയിലേക്കുള്ള രാജഥാനി എക്സ്പ്രസാണ് വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് പരിശോധിച്ചത്. അതിനിടെ ജയ് സിങ് എറണാകുളത്തുനിന്ന് തൃശൂരിലെത്തുകയും അവിടെനിന്ന് ഓട്ടോയില്‍ കയറി ഷൊര്‍ണൂരിലിറങ്ങുകയും ചെയ്തിരുന്നു.

ഷൊർണൂരിൽ മൂന്ന് മണിക്കൂറിലധികം ട്രെയിൻ നിർത്തിയിട്ടു. ബോംബ് സ്ക്വാഡും പൊലീസും വിശദമായി പരിശോധിച്ചിട്ടും യാതൊരു സൂചനയും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂരില്‍ നിന്ന് ഇയാളെ റയില്‍വേ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ട്രെയിൻ കിട്ടാത്തതിനാലാണ് വ്യാജഭീഷണി നടത്തിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മാർബിൾ വ്യാപാരവുമായി ബന്ധപ്പെട്ടാണ് ജയ് സിങ് കൊച്ചിയിൽ എത്തിയത്. രാജധാനി എക്സ്പ്രസിൽ ബി 10–63 സീറ്റ് നമ്പറിൽ യാത്രക്കാരനായിരുന്നു ഇയാൾ.

Eng­lish Sam­mury: fake-bomb-threat-in-rajad­hani-express, pas­sen­ger arrested

 

YouTube video player
Exit mobile version