തൃശ്ശൂർ, വടക്കാഞ്ചേരിയിലെ ഒരു വ്യാപാരിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. മോട്ടോർ വാഹന വകുപ്പിന്റെ പേരിലുള്ള വ്യാജ പിഴ സന്ദേശം വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കുമ്പളേങ്ങാട് റോഡിലെ മൊബൈലി സ്പോട്ട് എന്ന കടയുടെ ഉടമയുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം വന്നത്.
ഗതാഗത നിയമലംഘനത്തിന് 500 രൂപ പിഴയടയ്ക്കാൻ നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം. ഒട്ടും സംശയിക്കാതെ അദ്ദേഹം ലിങ്കിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ ശ്രമിച്ചു. എന്നാൽ, 500 രൂപ അടച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചു. ഇതിനുശേഷം തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ പ്രവർത്തനരഹിതമാവുകയും ചെയ്തു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു.

