Site iconSite icon Janayugom Online

വ്യാജവീഡിയോ പ്രചാരണം; ബിജെപി നേതാവ് മാപ്പുപറയണമെന്ന് സുപ്രീം കോടതി

തമിഴ്‌നാട്ടില്‍ ബിഹാറുകാരനായ കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിപ്പിച്ച ബിജെപി ബിഹാര്‍ വക്താവ് പ്രശാന്ത് ഉംറാവു മാപ്പ് പറയണമെന്ന് സുപ്രീം കോടതി. വ്യാജ വാര്‍ത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതിന് ക്ഷമ ചോദിക്കണമെന്നാണ് ബിജെപി നേതാവിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. അഭിഭാഷക ജോലിയില്‍ ഏഴു വര്‍ഷത്തെ പരിചയം കൂടിയുള്ള ബിജെപി നേതാവ് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം ബിജെപി നേതാവിന് അറസ്റ്റില്‍ നിന്നും സംരക്ഷണം ലഭിച്ചു. 

മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്നോട്ടുവച്ച ഉപാധി ചോദ്യം ചെയ്താണ് ഉംറാവു സുപ്രീം കോടതിയെ സമീപിച്ചത്. 15 ദിവസം പൊലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ജാമ്യത്തിനുള്ള ഉപാധി. ഇതില്‍ സുപ്രീം കോടതി മാറ്റംവരുത്തി. ഈ മാസം പത്തിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. തുടര്‍ന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിക്കൊന്നുവെന്നായിരുന്നു പ്രശാന്ത് ഉംറാവുവിന്റെ ട്വീറ്റ്. വിവാദ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഉംറാവുവിന് പുറമെ കലാപം ഇളക്കിവിടുകയാണെന്ന് ആരോപിച്ച് ദൈനിക് ഭാസ്കര്‍ എഡിറ്റര്‍ക്കെതിരെയും തന്‍വിര്‍ പോസ്റ്റ് ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

അതേസമയം വ്യാജ പ്രചാരണം നടത്തിയ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. ഇതരസംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുന്നതായി കശ്യപ് വ്യാജ വീഡിയോ നിര്‍മ്മിച്ചു പ്രചരിപ്പിക്കുകയായിരുന്നെന്ന് മധുര എ‌‌‌‌‌സ‌്പി ശിവപ്രസാദ് പറഞ്ഞു. ബിഹാറില്‍നിന്ന് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ കോടതിയില്‍ ഹാജരാക്കിയ കശ്യപിനെ പതിനഞ്ചു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Eng­lish Summary;Fake video cam­paign; Supreme Court asks BJP leader to apologize
You may also like this video

Exit mobile version