Site icon Janayugom Online

നാണ്യ വിളകളുടെ വിലയിടിവ്: കേന്ദ്രനയം മാറണം

coconut

നാളികേരം, റബ്ബർ എന്നിവയ്ക്ക് അടിക്കടിയുണ്ടാവുന്ന വിലയിടിവ് തടയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം തികച്ചും കർഷക വിരുദ്ധമാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. വ്യാപാര നയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല ഇടപെടൽ അനിവാര്യമാണെന്ന് പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും സി എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയില്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞു.
റബ്ബറിന്റെയും ഭക്ഷ്യ എണ്ണകളുടേയും കയറ്റുമതി-ഇറക്കുമതി നയങ്ങൾ കർഷക താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. നാണ്യവിളകളുടേയും കാർഷിക വിഭവങ്ങളുടേയും കയറ്റുമതി ഇറക്കുമതി നയങ്ങൾ, ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഉല്പാദനം നടത്തുന്ന സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി മാനിച്ചായിരിക്കണം എന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല. 

ഇത്തരം സാഹചര്യത്തിലും നാളികേരത്തിനും, റബ്ബറിനും ഉണ്ടാകുന്ന വിലയിടിവ് തടയുവാന്‍ സംസ്ഥാന സർക്കാർ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരഫെഡ്, വിഎഫ് പിസികെ, കേരള സംസ്ഥാന നാളികേര വികസന കോർപറേഷൻ തുടങ്ങിയവ മുഖേന പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപ സംഭരണ വില നൽകി സംഭരിക്കുന്നു.

നിലവിൽ 79 കേന്ദ്രങ്ങളിലൂടെയാണ് പച്ചത്തേങ്ങ സംഭരണം നടത്തിവരുന്നത്. അതിൽ കേരഫെഡ് നാല് സംഭരണ കേന്ദ്രങ്ങളിലൂടെ നേരിട്ടും, 13 സ്ഥലങ്ങളിൽ സൊസൈറ്റികൾ മുഖേനയും, 49 സംഭരണകേന്ദ്രങ്ങളിൽ വിഎഫ്‌പിസികെ വഴിയും 13 സംഭരണകേന്ദ്രങ്ങളിൽ നാളികേര വികസന കോർപറേഷൻ മുഖേനയുമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. 

കേരഫെഡിനോട് 27 സംഭരണ കേന്ദ്രവും, വിഎഫ്‌പിസികെയോട് 28 സംഭരണകേന്ദ്രവും, നാളികേര വികസന കോർപറേഷനോട് 30 സംഭരണകേന്ദ്രവും അധികമായി ആരംഭിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയില്‍ 11 എണ്ണം വീതം മൊബൈൽ സംഭരണ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കും.
ഒരു തെങ്ങിൽ നിന്നും പരമാവധി 50 തേങ്ങ സംഭരിക്കാമെന്ന നിബന്ധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു വർഷത്തിൽ തെങ്ങ് ഒന്നിന് പരമാവധി 70 നാളികേരം എന്ന കണക്കിൽ ആറ് തവണകളായോ രേഖാമൂലം ആവശ്യപ്പെടുന്നപക്ഷം അഞ്ച് തവണകളായോ പച്ചത്തേങ്ങ സംഭരിക്കുവാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. വിവിധ സംഭരണ കേന്ദ്രങ്ങളിലൂടെ ഡിസംബർ ഒന്നു വരെ 6001.12 ടൺ പച്ചത്തേങ്ങ സംഭരിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 18കോടി രൂപ കേരഫെഡ് കർഷകർക്ക് നൽകിയിട്ടുണ്ട്.
റബ്ബറിന്റെ വിലയിടിവ് തടയുന്നതിനായി സംസ്ഥാന സർക്കാർ 2015–16 മുതൽ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 2022–23 വർഷത്തിൽ 500 കോടി രൂപയാണ് ഇതിനായി സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Fall in cash crop prices: Cen­tral pol­i­cy must change

You may also like this video

Exit mobile version