ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വ്യാജ പ്രചരണം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വിവാദമായി ഉയര്‍ന്നിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയായിരുന്നു. തമിഴ്‌നാട്ടിലെ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും അതേ തുടര്‍ന്ന് അവര്‍ പലായനം തുടങ്ങിയിരിക്കുന്നുവെന്നും രണ്ടാം ഘട്ട കുപ്രചരണങ്ങളും ആരംഭിച്ചു. ഇതു സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണമാരംഭിച്ചപ്പോള്‍ ഇതിന് പിന്നില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കുള്‍പ്പെടെ പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാല് പേർക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്. വ്യാജ വീഡിയോകൾ ഉള്‍പ്പെടെയായിരുന്നു പ്രചരണം. ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്കറിലെ മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, യുട്യൂബര്‍ സുഗം ശുക്ല എന്നിവരാണ് പ്രചരണത്തിന് പിന്നിലെന്ന് കണ്ടെത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ക്രൂരമായ മർദനത്തിന് ഇരയാകുന്നുവെന്നും രണ്ടു പേർ കൊല്ലപ്പെട്ടു എന്നുമായിരുന്നു വ്യാജ വാർത്ത. ഈ പ്രചരണം തമിഴ്‌നാട്ടിലെ ബിജെപിയും ഏറ്റെടുത്തു. സംസ്ഥാന ബിജെപി നേതാവ് കെ അണ്ണാമലൈ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തു. എന്നിട്ടും കുപ്രചരണം തുടരുകയാണ് അവര്‍.
ഇതുകൂടി വായിക്കൂ: മോഡിക്കുവേണ്ടി അന്താരാഷ്ട്ര വ്യാജവാര്‍ത്താ ശൃംഖല
തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ നിന്നുള്ള ഉന്നതതല സംഘം തിങ്കളാഴ്ച തമിഴ്‌നാട് സന്ദര്‍ശിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ സംഘം തൊഴിലാളി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അത്തരം സംഭവങ്ങള്‍ കണ്ടെത്തുവാന്‍ സംഘത്തിന് സാധിച്ചില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് കുടിയേറ്റത്തൊഴിലാളികള്‍ പലായനം ചെയ്യുന്നുവെന്ന വാര്‍ത്തയും റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഉത്തരേന്ത്യക്കാര്‍ പ്രധാനമായി കാണുന്ന ഹോളി ആഘോഷത്തിന് സ്വദേശത്തേയ്ക്ക് പോകുന്നവരുടെ ചിത്രങ്ങളാണ് ആക്രമണങ്ങളെ തുടര്‍ന്നുള്ള പലായനം എന്ന് പ്രചരിപ്പിച്ചത്. പ്രചരണത്തിന് പിന്നാലെ ബിഹാറില്‍ നിന്നും മറ്റുമുള്ള ബിജെപി നേതാക്കളും സഖ്യകക്ഷി നേതാക്കളും ജനപ്രതിനിധികളും ചെന്നൈയിലെത്തി ഗവര്‍ണര്‍ ആര്‍ എന്‍ രവിയെയാണ് സന്ദര്‍ശിക്കുന്നത് എന്നതും ഇതിന് പിന്നിലെ ഗൂഢാലോചന തന്നെയാണ് തെളിയിക്കുന്നത്.
ഇതുകൂടി വായിക്കൂ: ടെക്ഫോഗ് ആപ്പ് വഴി ബിജെപി വ്യാജ വാര്‍ത്തകള്‍ പ്രതിഷ്ഠിക്കുന്നു
ബിജെപി ഇതര സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പല വിധത്തിലുള്ള കുപ്രചരണങ്ങള്‍ അവരുടെ നേതാക്കളുംപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇതിന് മുമ്പും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തികമായി തകര്‍ക്കുന്നതിന് സാധ്യമാകുന്ന വിധത്തിലുള്ള കുപ്രചരണങ്ങള്‍ക്കാണ് പ്രാമുഖ്യം. 2019ലും 2020ലും നാം അതിഥി തൊഴിലാളികളെന്ന് പേരിട്ട് ആദരിച്ച കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ നടന്ന വ്യാപക പ്രചരണം നാമോര്‍ക്കണം. സംസ്ഥാനത്തെ നിര്‍മ്മാണ രംഗം ഉള്‍പ്പെടെയുള്ള പ്രധാന തൊഴില്‍ മേഖലയുടെ ചാലക ശക്തിയാണ് അതിഥി തൊഴിലാളികള്‍. അവര്‍ക്കെതിരെ പ്രചരണം നടത്തി തിരിച്ചയച്ചാല്‍ ആ മേഖലകള്‍ നിശ്ചലമാകുമെന്നും അത് സംസ്ഥാന സമ്പദ്ഘടനയെ ബാധിക്കുമെന്നുമുള്ള ബോധ്യത്തോടെ തന്നെയായിരുന്നു ആ വ്യാജ പ്രചരണങ്ങള്‍. സംസ്ഥാനത്തെത്തി ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കടന്നുവന്ന് ഒളിവില്‍ താമസിക്കുന്നവരാണെന്ന പ്രചരണം അക്കാലത്ത് ഉന്നത ബിജെപി നേതാക്കളില്‍ നിന്നുപോലും ഉണ്ടായി. അതിന് മുമ്പ് അതിഥി തൊഴിലാളികളില്‍ കുറ്റവാളികളുണ്ടെന്ന പ്രചരണവും നടത്തി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് അമിതമായ പ്രാധാന്യം നല്കി സംരക്ഷിക്കുന്നുവെന്ന കുപ്രചരണം നടത്തി. ചില പ്രദേശളില്‍ സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് കലാപത്തിനിറക്കാനുള്ള ശ്രമങ്ങളും ബോധപൂര്‍വമുണ്ടായി. തിരിച്ചുപോകാനാഗ്രഹിക്കുന്ന തൊഴിലാളികളെയാണ് റെയില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രംഗത്തിറക്കി കലാപനീക്കം നടത്തിയത്. അതിഥി തൊഴിലാളികള്‍ക്കെതിരായ ഈ പ്രചരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സമ്പദ്ഘടന തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് വെളിപ്പെടുത്തപ്പെട്ടു. അതോടെയാണ് കള്ളപ്രചരണങ്ങള്‍ അവസാനിച്ചത്.
ഇതുകൂടി വായിക്കൂ: മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം
അതേ സംഭവങ്ങളുടെ ആവര്‍ത്തനം പശ്ചിമ ബംഗാളിലുമുണ്ടായി. അതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ പ്രചരണമുണ്ടായിരിക്കുന്നത്. ബിഹാറിലും തമിഴ്‍നാട്ടിലും ഇപ്പോള്‍ എന്‍ഡിഎ ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. നേരത്തെ കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കെതിരായ പ്രചരണം ബംഗാളിലെ തൊഴിലാളികളുമായാണ് ബന്ധപ്പെടുത്തിയിരുന്നത്. അവിടെയും ബിജെപി ഇതര സര്‍ക്കാരാണ്. ഇങ്ങനെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാമ്പത്തികമായി തകര്‍ക്കുക എന്നതിനൊപ്പം ഇത്തരത്തിലുള്ള രാഷ്ട്രീയ ഗുഢോദ്ദേശ്യവും ബിജെപിനേതാക്കളുടെ ഈ വ്യാജ വാര്‍ത്താ നിര്‍മ്മിതികള്‍ക്കു പിന്നിലുണ്ട്.