Site iconSite icon Janayugom Online

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തു; യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

വിവാഹത്തിന് വീട്ടുകാർ സമ്മതം നല്‍കാത്തതിനാല്‍ യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മര്യാത്തുരുത്ത് സ്വദേശിനി ആസിയ തസനിം (19), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. 

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയായിട്ടും ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി വാതിൽ പൊളിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. ആസിയയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Exit mobile version