Site iconSite icon Janayugom Online

വെള്ളക്കെട്ടിൽ നിന്ന് കരകയറാതെ കുടുംബം; ഉപജീവന മാർഗവും അടഞ്ഞു

മഴക്കെടുതി ബാക്കിവെച്ച വെള്ളക്കെട്ടിൽ നിന്ന് കരകയറാതെ കുടുംബം. ഉപജീവന മാർഗവും അടഞ്ഞതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. ചമ്പക്കുളം പഞ്ചായത്ത് 8-ാം വാർഡിൽ കണ്ടങ്കരി അൻപതിൽചിറ മുകേഷ് കുമാറിന്റെ കുടുംബമാണ് 16 ദിവസമായി വെള്ളക്കെട്ടിൽ കഴിയുന്നത്. ചമ്പക്കുളം കൃഷിഭവനിൽപെട്ട ചെമ്പടി ചക്കങ്കരി പാടത്ത് വെള്ളം കയറിയാൽ മുകേഷിന്റെവീട് വെള്ളത്തിൽ മുങ്ങും. പിന്നീട് മുട്ടോളം വെള്ളത്തിൽ നിന്നു വേണം ജീവിതം തള്ളിനീക്കാൻ. വീടിനോട് ചേർന്നുള്ള ചായക്കടയും വെള്ളത്തിൽ മുങ്ങുന്നതോടെ കുടുംബത്തിന്റെ ഏകഉപജീവന മാർഗ്ഗം നിലയ്ക്കും. കാലവർഷം എത്തുന്നതിന് മുൻപുണ്ടായ മഴയിൽ തന്നെ മുകേഷിൻ്റെ വീട് വെള്ളത്തിൽ മുങ്ങിയിരുന്നു. മഴയ്ക്ക് ശമനം വന്നതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു പോലും വെള്ളം പിൻവാങ്ങിയെങ്കിലും മുകേഷിന്റെ വീട് വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. സ്കൂൾ കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. 2018 ലെ പ്രളയം മുതൽ തുടങ്ങിയതാണ് ഈ ദുരിതം. പാടത്ത് കൃഷിയിറക്കുമ്പോൾ മാത്രമാണ് വീട്ടിൽ നിന്ന് വെള്ളം ഒഴിയുന്നത്. പാടത്തിന് ചുറ്റും സംരക്ഷണഭിത്തി കല്ലുകെട്ടിയിട്ടുണ്ടെങ്കിലും പൊക്കമില്ലാത്തതിനാൽ ചെറിയ വെള്ളപ്പൊക്കം വന്നാൽ പോലും കരകവിഞ്ഞു വെള്ളം കയറി കൃഷി നശിക്കുന്നതു പതിവാണ്. ഇക്കുറിയും സമാന രീതിയിൽ കൃഷി നശിച്ചതോടെ പാടശേഖ സമതി ചിങ്ങം ഒന്നിലേയ്ക്ക് പുഞ്ചകൃഷി മാറ്റി വെച്ചിരിക്കുകയാണ്. കൃഷി തുടങ്ങുന്നതു വരെ ഈ കുടുംബം മുട്ടോളം വെള്ളത്തിൽ ജീവിക്കേണ്ട അവസ്ഥയാണ്. പാടത്തെ വെള്ളം പമ്പിംഗ് നടത്തി വറ്റിക്കാനും തടസ്സമുണ്ട്. വർഷങ്ങളായി പമ്പിംഗ് കുടിശ്ശിക മുടങ്ങി കിടക്കുന്നതിനാൽ കർഷകർ സ്വന്തമായി പണമെടുത്തു വേണം പമ്പിംഗ് നടത്താൻ. കൃഷി ചെയ്യാതെ പമ്പിംഗ് നടത്താൻ കൃഷിക്കാർ തയ്യാറാകുന്നുമില്ല. പാടശേഖര പുറംബണ്ടിലെ താമസക്കാരുടെ വീടുകളിൽ നിന്ന് വെള്ളം ഒഴിയണമെങ്കിലും അടുത്ത പുഞ്ചകൃഷി സീസൺ വരെ കാത്തിരിക്കണം.

കടുത്ത ദുരിതം നേരിടുന്ന മുകേഷും ഭാര്യ ശ്രീകലയും വെള്ളപ്പൊക്കം തുടങ്ങുന്നതോടെ പ്ലസ് ടു വിദ്യാർഥിയായ മകൾ അഭിരാമിയേയും പത്താം ക്ലാസ് വിദ്യാർഥിയായ മകൻ അശ്വന്തിനേയും ബന്ധു വീടുകളിലേയ്ക്ക് മാറ്റും. പിന്നീട് വെള്ളം ഇറങ്ങിയ ശേഷമാണ് മക്കളെ തിരികെ കൊണ്ടുവരുന്നത്. ഇക്കുറി സ്കൂൾ തുറന്നിട്ടും കുട്ടികളെ കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയാണ്. മുകേഷിൻ്റെ വീടിനുള്ളിൽ അരയടിയോളം വെള്ളം ഇപ്പഴും കെട്ടി കിടക്കുകയാണ്. കടയിലും സമാന രീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ട്. ജീവിത മാർഗ്ഗം നിലച്ചതോടെ കുടുംബത്തിന്റെ നിത്യചിലവ് ബന്ധുക്കളും നാട്ടുകാരുമാണ് വഹിക്കുന്നത്. വെള്ളം ഒഴിയാത്ത വീട്ടിലെ ദുരിതം വാർഡ് മെമ്പർ നേരിട്ടെത്തി ബോധ്യപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റിനേയും റവന്യു ഉദ്യോഗസ്ഥരേയും ധരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളിയും സ്ഥലം സന്ദർശിച്ചിരുന്നു. ജനപ്രതിനിധികളുടെ സന്ദർശനം മുറയ്ക്ക് നടക്കുന്നതല്ലാതെ നടപടികൾ എങ്ങുമെത്തുന്നില്ല. വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. 

Exit mobile version