ആരാധകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കന്നട നടന്‍ ദര്‍ശന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങി കര്‍ണാടക പൊലീസ്.
രേണുകസ്വാമി വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് ബംഗളൂരുവില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ സര്‍ക്കാരിനൊരു നിര്‍ദേശം അയക്കുകയാണെന്നും അപ്പീല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം പ്രകാരം ദര്‍ശനെതിരെയുള്ള കുറ്റപത്രം ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പകര്‍പ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സജ്ജമാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.
രേണുക സ്വാമി വധക്കേസുമായി ബന്ധപ്പെട്ട് കന്നട നടന്‍ ദര്‍ശനും പങ്കാളി പവിത്ര ഗൗഡയ്ക്കും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക ഹൈക്കോാടതി ജാമ്യം അനുവദിച്ചത്.ഇടക്കാല ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് 131 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ 30ന് ദര്‍ശന്‍ പുറത്തിറങ്ങിയിരുന്നു.
നിലവില്‍ കടുത്ത നടുവേദനയെത്തുടര്‍ന്ന് ബെംഗളൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.ദര്‍ശന്റെ പങ്കാളിയും നടിയുമായ പവിത്ര ഗൗണ്ട ചൊവ്വാഴ്ച ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്നും മോചിതയായിരുന്നു.
ചിത്ര ദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര എന്നിവരെയും മറ്റ് 15 പേരെയും ജൂണ്‍ 11ന് അറസ്റ്റ് ചെയ്തിരുന്നു. പവിത്ര ഗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇയാളെ കൊലപ്പടുത്തിയത്.