മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് ഇന്ന് നാട് വിട നൽകും. എറണാകുളം ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസം രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു മലയാള സിനിമയിലെ ആ വലിയ പ്രതിഭയുടെ അന്ത്യം.
സിനിമ‑രാഷ്ട്രീയ‑സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ് എന്നിവർ നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ പതിയെ ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ശനിയാഴ്ച രാവിലെ ഡയാലിസിസിന് പോകാനായി തയ്യാറെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69-ാം വയസ്സിൽ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടേറെ കഥകൾ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്.

