Site iconSite icon
Janayugom Online

കാടിന് വിട… മണിയുടെ കുടുംബം മലയിറങ്ങി

ചെങ്കുത്തായ മലവാരത്തിൽ മണിയുടെ കൺമണി മീനാക്ഷിക്കുട്ടിയെ ചുമലിലേറ്റി അയ്യപ്പൻ പൂച്ചപ്പാറ മലയിറങ്ങുമ്പോൾ കരുളായി വനം ഒരിക്കൽക്കൂടി കണ്ണീർപൊഴിച്ചു. കഴിഞ്ഞ നാലിന് കാട്ടാന ആക്രമണത്തിൽ നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട പൂച്ചപ്പാറ മണിയുടെ വിയോഗത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ കുടുംബമാണ് മലയോടും മലദൈവങ്ങളോടും യാത്രപറഞ്ഞ് കാടിറങ്ങിയത്. മണിയുടെ ഭാര്യ മാതി, മക്കളായ മീനാക്ഷി, മീര, മനു, മീന, മാതിരി എന്നിവരാണ് മണിയുടെ സഹോദരൻ അയ്യപ്പന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും കൂടെ കാടുവിട്ടിറങ്ങിയത്. 

നടക്കാൻ കഴിയാത്ത മീനാക്ഷിയെ മാതിയും അയ്യപ്പനും കുട്ടയിൽ ചുമന്നാണ് വാഹനമെത്തുന്ന കണ്ണിക്കൈയിലെത്തിച്ചത്. ഒരാൾക്ക് മാത്രം നടക്കുവാൻ കഴിയുന്ന ഇടവഴിയിൽ അയ്യപ്പനായി ഒപ്പമുള്ളവർ കാടുവെട്ടി വഴിയൊരുക്കി നൽകിയതും പൂച്ചപ്പാറയിൽ നിന്ന് ഇവരെ യാത്രയാക്കാനെത്തിവരുടെ സ്നേഹപ്രകടനങ്ങളും കണ്ടുനിന്നവരിലും സങ്കടമുണ്ടാക്കി. 

ടാക്സിയിൽ വനംവകുപ്പിന്റെ അകമ്പടിയോടെ കഴിഞ്ഞ ദിവസം രാത്രി ചെറുപുഴയിലെ നെടുങ്കയം വനം സ്റ്റേഷന് സമീപം ഇവരെത്തി. ഇവിടെത്തന്നെയുള്ള വനം ക്വാർട്ടേഴ്സിൽ ഇവർക്ക് താൽക്കാലികമായി താമസിക്കാൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്. മലയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട കാട്ടുകൊമ്പൻ പോലും അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന് വഴികാട്ടാനെന്ന പോലെ മുന്നിൽ നടന്നു. മണി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് ആനയെ കാണുന്നത്. അതിനാൽ കണ്ടപാടെ പേടിച്ചെന്നും എന്നാൽ തങ്ങളെ ഒന്നും ചെയ്യാതെ മാറിനിന്നതായും മാതി പറഞ്ഞു.
മീനാക്ഷിക്ക് ചികിത്സ ലഭ്യമാക്കുന്നതിനും മാതിക്ക് ജോലിക്ക് പോകുന്നതിനും വേണ്ടിയാണ് ഇവർ കരുളായിയിലേക്ക് താമസം മാറ്റിയത്. സർക്കാർ നല്‍കിയ ജോലിക്ക് മാതി പോയിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് സഹായത്തിനായി വനം വകുപ്പും ഐടിഡിപിയും മഹിളസമഖ്യ സൊസൈറ്റിയും ഒപ്പമുണ്ട്. മക്കളെ അടുത്ത ദിവസം തന്നെ സ്കൂളിലെത്തിക്കുമെന്ന് മഹിള സമഖ്യ സേവിനി അജിത മണി അറിയിച്ചു.

Exit mobile version