Site iconSite icon Janayugom Online

ആർ സാംബന് കർഷകഭാരതി അവാർഡ്

ഏറ്റവും മികച്ച കാർഷിക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകഭാരതി അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. 17ന് തൃശൂരിൽ നടക്കുന്ന കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് സ്വദേശിയായ വെറ്റിനറി സ്വദേശി മുഹമ്മദ്‌ ആസിഫുമായി സാംബൻ പങ്കിട്ടു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജനയുഗം പ്രസിദ്ധീകരിച്ച നാല് പരമ്പരകളും റിപ്പോർട്ടുകളുമാണ് സാംബനെ അവാർഡിന് അർഹനാക്കിയത്. 

33 വർഷമായി മാധ്യമ രംഗത്തുള്ള സാം ബന് ലഭിക്കുന്ന 57മത്തെ അവാർഡാണ്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്കാരത്തിന് രണ്ടു വട്ടം അർഹനായി. സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാർഡ്, സ്റ്റേറ്റ്സ്മാൻ അവാർഡ് ഫോർ റൂറൽ റിപ്പോർടിങ്ങിന്റെ ഒന്നാം സ്ഥാനം, സ്റ്റേറ്റ്സ്മാൻ ഗ്രൂപ്പിന്റെ പരിസ്ഥിതി അവാർഡായ കുഷ്‌റോ ഇറാനി പുരസ്‌കാരം, കെ സി കുലീഷ് രാജ്യന്തര അവാർഡ് (രണ്ടു വട്ടം), പരിസ്ഥിതി പത്രപ്രവർത്തനത്തിന് ജർമൻ എംബസി അവാർഡ്, ലാഡ്ലി അവാർഡ്, സ്കാർഫ്-പിഐഐ അവാർഡ്, ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ അനിൽ അഗർവാൾ ഫെലോഷിപ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യൻ ലാംഗ്വേജ് റിപ്പോട്ടർ ഓഫ് ദി ഇയർ പുരസ്‌കാരം, വികസനോന്മുഖ പത്രപ്രവത്തനത്തിനുള്ള സംസ്ഥാന മാധ്യമ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ:സാന്ദ്ര, വൃന്ദ. മരുമകൻ: എസ് അനൂപ്.

Exit mobile version