Site iconSite icon Janayugom Online

ഹരിയാന കുരുക്ഷേത്രയില്‍ കര്‍ഷകര്‍ ടാക്ടറുകളുമായി ഡല്‍ഹിയിലേക്കുള്ള ദേശീയപാത ഉപരോധിച്ചു

സൂര്യകാന്തി വിത്തുകൾ മിനിമം താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരിക്കണം

സൂര്യകാന്തി വിത്തുകൾ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) വാങ്ങാത്ത ഹരിയാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷകർ ഡൽഹിയിലേക്കുള്ള ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെ നടന്ന മഹാപഞ്ചായത്തിന് ശേഷമാണ് ഹരിയാന കുരുക്ഷേത്രയിലെ ദേശീയപാതയില്‍ ട്രാക്ടറുകളുമായി ഉപരോധ സമരം നടത്തിയത്.

കുരുക്ഷേത്ര ജില്ലയിലെ പിപ്ലിക്ക് സമീപമുള്ള ഫ്‌ളൈ ഓവറിലായിരുന്നു മഹാപഞ്ചായത്ത്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് ഉൾപ്പെടെയുള്ള പ്രധാന കർഷക നേതാക്കളും ഗുസ്തി താരം ബജ്‌റംഗ് പുനിയയും മഹാപഞ്ചായത്തിൽ പങ്കെടുത്തിരുന്നു. കുരുക്ഷേത്രയിലെ മഹാപഞ്ചായത്തിനെ തുടർന്ന് ഡൽഹി-ചണ്ഡീഗഢ് ദേശീയ പാതയിൽ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.

സൂര്യകാന്തി വിത്ത് സംസ്ഥാന സർക്കാർ എംഎസ്‌പി നിരക്കിൽ വാങ്ങുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ക്വിന്റലിന് 4,000 രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതരായി. സൂര്യകാന്തി വിത്ത് ക്വിന്റലിന് 6,400 രൂപ നിരക്കിൽ സർക്കാർ സംഭരിക്കാനാണ് കര്‍ഷകരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിനെത്തുടർന്ന് കഴിഞ്ഞ ആറിനും കുരുക്ഷേത്രയിൽ കർഷകർ ഡൽഹി-അമൃത്സർ ദേശീയപാത ഉപരോധിച്ചിരുന്നു. അന്ന് ഉപരോധത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കര്‍ഷക നേതാക്കളെ അറസ്റ്റും ചെയ്തിരുന്നു.

Eng­lish Sam­mury: Farm­ers with their trac­tors on roads in Haryana’s Kurukshetra

Exit mobile version