Site iconSite icon Janayugom Online

കര്‍ഷക ആത്മഹത്യ പുതിയ കാര്യമല്ലെന്ന് മഹാരാഷ്ട്ര കൃഷിമന്ത്രി

കര്‍ഷക ആത്മഹത്യകള്‍ ഒരു പുതിയ കാര്യമല്ലെന്ന് മഹാരാഷ്ട്രമന്ത്രിയുടെ പരാമര്‍ശം വിവാദമായി. കര്‍ഷകരുടെ ആത്മഹത്യ വര്‍ഷങ്ങളായി നടക്കുന്നതാണെന്ന് മഹാരാഷ്ട്ര കൃഷി മന്ത്രിയും ഷിന്‍ഡെ വിഭാഗം ശിവസേനാ നേതാവുമായ അബ്ദുൾ സത്താറിന്റേതാണ് വിവാദ പരാമര്‍ശം. സില്ലോഡില്‍ രണ്ട് കര്‍ഷകരും മറാത്ത്‍വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയില്‍ ആറ് കര്‍ഷകരും കടബാധ്യത മൂലം ഈമാസം ആത്മഹത്യ ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇപ്പോഴത്തെ ആത്മഹത്യ പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു.

ജന്തര്‍ മന്തറില്‍ കര്‍ഷക പ്രക്ഷോഭം

അതിനിടെ മിനിമം താങ്ങുവില പദ്ധതിയടക്കം ഐതിഹാസിക കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. നൂറുകണക്കിന് കര്‍ഷകരാണ് പഞ്ചാബിലെ അഞ്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച സമരത്തില്‍ പങ്കാളികളായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കാനുള്ള കര്‍ഷകരുടെ നിവേദനം പിഎം ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സമരക്കാരുടെ പ്രതിനിധികള്‍ കൈമാറി.

കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജലം തുല്യമായും ശരിയായ രീതിയിലും വിതരണം ചെയ്യണമെന്നും കേന്ദ്രം വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില (എംഎസ്‌പി) പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും നിവേദനത്തിലൂടെ കര്‍ഷകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ‘സംസ്ഥാനത്തെ കര്‍ഷകര്‍ക്കും ലഭിക്കേണ്ട ജലമെല്ലാം രാജസ്ഥാനിലേക്കും ഡല്‍ഹിയിലേക്കും പോവുകയാണ്. ഈ ഘട്ടത്തില്‍ പഞ്ചാബിലെ കര്‍ഷകര്‍ എന്ത് ചെയ്യും?’ കര്‍ഷകനായ ജര്‍നൈല്‍ സിങ് സമരപരിപാടികള്‍ വിശദീകരിക്കുന്നതിനിടെ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

 

Eng­lish Sam­mury: Maha­rash­tra Agri­cul­ture Min­is­ter Abdul Sat­tar has said the farm­ers com­mit­ting sui­cide is not a new issue

 

Exit mobile version