Site icon Janayugom Online

നിരോധനാജ്ഞ അവഗണിച്ച് കര്‍ണാലില്‍ കര്‍ഷക ഉപരോധം, ലാത്തിച്ചാര്‍ജ്

വന്‍ പൊലീസ് വിന്യാസവും നിരോധനാജ്ഞയും അവഗണിച്ച് കര്‍ണാല്‍ മിനി സെക്രട്ടേറിയറ്റ് ഉപരോധിച്ച കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം. സൈനികസമാനമായ പൊലീസ് സന്നാഹങ്ങള്‍ അവഗണിച്ച് അനജ് മണ്ഡിയില്‍ ഒത്തുകൂടിയശേഷം ഉപരോധത്തിനെത്തിയ കര്‍ഷകര്‍ക്കു നേരെയാണ് ലാത്തിച്ചാര്‍ജ്, അറസ്റ്റ്, ജലപീരങ്കി പ്രയോഗം എന്നിവ നടന്നത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റിയശേഷം മുദ്രാവാക്യങ്ങള്‍ മുഴക്കിയും പതാകകള്‍ ഉയര്‍ത്തിയുമെത്തിയ കര്‍ഷക മുന്നേറ്റത്തിന് തടയിടാന്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇന്നലെ കര്‍ണാലില്‍ നടന്നത്. നേതാക്കളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ഉപരോധം തടയാമെന്ന് പൊലീസ് കരുതിയെങ്കിലും നടന്നില്ല. തുടര്‍ന്ന് നേതാക്കളെ വിട്ടയക്കുകയായിരുന്നു.

 


ഇതുംകൂടി വായിക്കു;കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു; കര്‍ണാലില്‍ കര്‍ഷക മഹാപഞ്ചായത്ത്


കര്‍ണാലിലെ കര്‍ഷക മഹാപഞ്ചായത്ത് തടയുന്നതിന് കേന്ദ്ര സേന ഉള്‍പ്പെടെ 40 കമ്പനി പൊലീസിനെയാണ് ഹരിയാന സര്‍ക്കാര്‍ വിന്യസിച്ചത്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങളും വിച്ഛേദിച്ചു. ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് സംവിധാനം കാത്തു നില്‍ക്കുമ്പോഴും അവര്‍ക്കു നടുവിലൂടെ രാജ്യത്തെ കര്‍ഷകര്‍ വെടിയുണ്ടകളെ അവഗണിച്ച് മുന്നേറുന്ന കാഴ്ചയാണ് കര്‍ണാലില്‍ ദൃശ്യമായത്. കഴിഞ്ഞ മാസം പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകരെ തല്ലിച്ചതയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി, പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട കര്‍ഷകന് 25 ലക്ഷം രൂപാ നഷ്ടപരിഹാരം, ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ ഇന്നലത്തെ പ്രതിഷേധം.

 


ഇതുംകൂടി വായിക്കു;കർഷക സമരം ഭയന്ന് ബിജെപി; കർണാലിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു


രാവിലെ ആരംഭിച്ച ചര്‍ച്ചകള്‍ പരാജയമായതോടെ പൊലീസ് സൃഷ്ടിച്ച ആറു ബാരിക്കേഡുകള്‍ പിന്നിട്ടാണ് കര്‍ഷകര്‍ മിനി സെക്രട്ടേറിയറ്റ് ഉപരോധത്തിനെത്തിയത്. ഹരിയാനയിലെയും ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രക്ഷോഭത്തിന്റെ ഭാഗമായി.
പ്രതിഷേധം സമാധാനപരം ആയിരിക്കുമെന്നും സമരക്കാരെ പൊലീസ് തടയാന്‍ ശ്രമം നടത്തരുതെന്നും 11 കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന കര്‍ഷകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു.
eng­lish summary;Farmers’ embar­go in Kar­nal updates
you may also like this video;

Exit mobile version