കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം വിപണനം എന്നിവ വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും എന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വയനാട് സ്പൈസസ് ആൻഡ് അഗ്രോ ഫാർമസ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ “കേരളാഗ്രോ” ബ്രാൻഡ് സ്റ്റോർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയിൽ കർഷകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാർഷിക ഉത്പന്നങ്ങൾക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകൾ മൂലം ലാഭകരമായി കൃഷി ചെയ്യാൻ പലപ്പോഴും കൃഷിക്കാർക്ക് സാധിക്കാറില്ല. കാർഷിക വിഭവങ്ങൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാർ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികൾ ആണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ എന്ന പദ്ധതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. കാർഷികോല്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നൽകി കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. “കേരളഗ്രോ “എന്ന ബ്രാൻഡിൽ ഏതൊരു കർഷകനും തന്റെ കാർഷിക ഉൽപന്നങ്ങളെ ഗുണമേന്മയുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ആക്കി ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള സംവിധാനം ഇന്ന് സർക്കാർതലത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ വന്നിട്ടുണ്ട്. കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
വയനാട് ജില്ലയിൽ കർഷകരുടെ വിളകളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനും ആയി ബി ടു ബി മീറ്റ് ഉടൻ സംഘടിപ്പിക്കും.
കാർഷിക മേഖലയിലെ ഉൽപാദകരെയും ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുന്നത്.
വരുന്ന 5 വർഷ കാലത്തേക്ക് കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയാണ് കൊണ്ടുവരാൻ പോകുന്നത്. ഇതിനായി ലോക ബാങ്കിന്റെ സഹായത്തോടുകൂടി 2365 കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. കൃഷിമന്ത്രി കൂട്ടിച്ചേർത്തു.
വയനാട് സന്ദർശനത്തിനോട് അനുബന്ധിച്ച് മീനങ്ങാടി വയനാട് പാഡി പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള മില്ലറ്റ്ബി കഫയുടെയും ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വയനാട് ജില്ലയിൽ നടന്ന വിവിധ ചടങ്ങുകളിലായി എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ, അഡ്വ. ടി. സിദ്ദിഖ്, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, മണ്ണ് പര്യവേഷണം അഡീഷണൽ ഡയറക്ടർ രേണു പി.ഡി, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ,കർഷകർ, കൃഷി- മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.