കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ച് പുനരാരംഭിച്ചു. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ അണിനിരന്നത്.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഡല്‍ഹി — നോയിഡ അതിര്‍ത്തിയിലെ യമുന എക്സ്പ്രസ്‌വേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പൊലീസ് കര്‍ഷക മാര്‍ച്ചിനെ പ്രതിരോധിച്ചത്. കര്‍ഷകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.
പിന്നീട് നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായതോടെ ബാരിക്കേഡുകള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് സമരം നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകര്‍ സമ്മതിച്ചത്. ചർച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം പ്രശ്നപരിഹാരം ഉണ്ടാവണമെന്നും അതുവരെ നോയിഡയിൽ സമരം തുടരുമെന്നും കർഷകർ അറിയിച്ചു.
മിനിമം താങ്ങുവില ഉറപ്പാക്കുക, വായ്പകൾ എഴുതി തള്ളുക, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു കർഷകരുടെ മാർച്ച്.
അതേസമയം ഹൈവേ ഗതാഗത തടസം ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സുപ്രീം കോടതി കര്‍ഷകരോട് ആവശ്യപ്പെട്ടു. നവംബര്‍ 26ന് ഖനൗരിയിലെ സമരമുഖത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയ പഞ്ചാബി കര്‍ഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാളിനെ അനധികൃതമായി തടങ്കലില്‍ വച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്വല്‍ ഭുയാനും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.