Site iconSite icon Janayugom Online

മോഡിക്കെതിരെ കര്‍ഷക പ്രതിഷേധം; റാലി റദ്ദാക്കി

കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിലെ വിവിധ പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ബന്ധിതനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 42,750 കോടി രൂപയുടെ കേന്ദ്ര വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ബിജെപി റാലി എന്നിവയില്‍ പങ്കെടുക്കുവാനായിരുന്നു ഇന്നലെ ഭട്ടിന്‍ഡ ബിസിയാന വിമാനത്താവളത്തിലെത്തിയത്. ഭട്ടിന്‍ഡയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഭഗത് സിങ് അന്ത്യവിശ്രമം കൊള്ളുന്ന ഹുസൈനിവാല സന്ദര്‍ശിക്കുവാനുള്ള പരിപാടി മോശം കാലാവസ്ഥ കാരണം അവസാന നിമിഷം മാറ്റേണ്ടിവന്നു. തുടര്‍ന്ന് റോഡുമാര്‍ഗം പുറപ്പെട്ട പ്രധാനമന്ത്രിയുടെ യാത്ര കര്‍ഷക ഉപരോധത്തെ തുടര്‍ന്ന് തടസപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ 20 മിനിട്ടോളം വഴിയില്‍ കുടുങ്ങിയ പ്രധാനമന്ത്രി പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു പ്രധാനമന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഉപേക്ഷിക്കേണ്ടിവരുന്നത്. മോഡി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ആളില്ലാതെ വന്നതിനെത്തുടര്‍ന്നാണ് ഗതാഗതതടസം പറഞ്ഞുകൊണ്ടുള്ള പിന്മാറ്റമെന്നും ആക്ഷേപമുയര്‍ന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. ശക്തമായ കര്‍ഷകപ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചതിനുശേഷമുള്ള മോഡിയുടെ ആദ്യ പഞ്ചാബ് സന്ദര്‍ശനമായിരുന്നു ഇന്നലത്തേത്. ഹരിയാനയില്‍ നിന്നുള്‍പ്പെടെ പ്രവര്‍ത്തകരോട് എത്തിച്ചേരാന്‍ പറഞ്ഞിരുന്നെങ്കിലും പരിപാടിയില്‍ ആളുകളെത്തിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ നിലപാടുകളോട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുള്ള ശക്തമായ പ്രതിഷേധമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മിനിമം താങ്ങുവിലയെക്കുറിച്ച് മൗനം പാലിക്കുന്ന നിലപാടിനെതിരെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി(കെഎംഎസ്‌സി) തീരുമാനിച്ചിരുന്നു. റാലി നടക്കുന്ന മൈതാനത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊതുയോഗം ചേരുന്ന ഫിറോസ്‌പുരിലേക്കുള്ള മൂന്ന് പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ഉപരോധം ആരംഭിച്ചു. 12 മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധ സമരം ചര്‍ച്ചയ്ക്കൊടുവില്‍ ഇന്നലെ രാവിലെ അവസാനിപ്പിക്കുകയായിരുന്നു.

വഴിയിലായത് 20 മിനിട്ട്

പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയത് 20 മിനിട്ടിലധികം. രാവിലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും ഞെട്ടിച്ചുകൊണ്ടുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രാമധ്യേ പിയാരിയാന പ്രദേശത്തെ ഫ്ലൈ ഓവറിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്.

ലഖ്നൗ റാലിയും മാറ്റി

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിലെ പരിപാടികള്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഞായറാഴ്ച ലഖ്നൗവില്‍ നടത്തുവാന്‍ നിശ്ചയിച്ച, മോഡി പങ്കെടുക്കാനിരുന്ന, ബിജെപി റാലിയും മാറ്റിവച്ചു. കനത്ത മഴ മുന്നറിയിപ്പും കോവിഡ് കേസുകളുടെ വര്‍ധനയുമാണ് ലഖ്നൗ റാലിയുടെ മാറ്റത്തിനുമുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.

eng­lish sum­ma­ry; Farm­ers protest against Modi

you may also like this video;

Exit mobile version