Site iconSite icon Janayugom Online

കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തവും രൂക്ഷവുമാക്കും: രാകേഷ് ടികായത്ത്

കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തവും രൂക്ഷവുമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും ഭാരതീയ കിസാന്‍ യൂണിയന്റെയും നേതാവ് രാകേഷ് ടികായത്ത്.

നവംബർ 22ന് ലഖ്നൗവിൽ നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് കർഷകവിരു​ദ്ധരായ കേന്ദ്രസർക്കാരിന്റെ ശവപ്പെട്ടിക്കുള്ള അവസാന ആണിയായിരിക്കുമെന്നും രാകേഷ്​ ടികായത്ത് സൂചിപ്പിച്ചു. ‘നവംബർ 22 ന് നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് ചരിത്രമാകും. കർഷക വിരുദ്ധരായ കേന്ദ്ര സർക്കാരിനും മൂന്ന് കരിനിയമങ്ങൾക്കുമുള്ള ശവപ്പെട്ടിയിലെ അവസാന ആണിയാണ് അതെന്ന് തെളിയിക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പൂർവാഞ്ചലിൽ കർഷക സമരത്തിന്റെ തീവ്രത വർധിപ്പിക്കും’. ടികായത്ത് ട്വിറ്ററിൽ കുറിച്ചു. നവംബര്‍ 27ന് ശേഷം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് ട്രാക്ടറുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായെങ്കിലും പിന്നീട് പിന്‍മാറി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമം കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് എതിരും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമുള്ള വാദം രാജ്യവ്യാപകമായി ഉയരുന്നുണ്ടെങ്കിലും കേന്ദ്രം മൗനം തുടരുകയാണ്.

Eng­lish summary:Farmers’ protest to inten­si­fy: Rakesh Tikayath

you may also like this video

Exit mobile version