ഫാക്ടംഫോസ് ഉൾപ്പെടെ വളങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയില്‍. യൂറിയ, പൊട്ടാഷ്, ഡൈ അമോണിയം ഫോസ‌് ഫേറ്റ് വളങ്ങള്‍ കിട്ടാനില്ലെന്നാണു കർഷകരുടെ പരാതി. വളത്തിന്റെ ലഭ്യത കുറവ് നെല്ല് ഉൾപ്പെടെയുള്ള വിവിധ കൃഷികൾ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ മറ്റ് വിളകൾക്കും ഫാക്ടംഫോസ് പ്രധാന വളമായി ഉപയോഗിക്കാറുണ്ട്. എല്ലാ കൃഷികൾക്കും പ്രധാനമായും അടിവളമായോ ഒന്നാം വളമായോ ഉപയോഗിക്കുന്ന ഫാക്ടംഫോസിന് വിപണിയില്‍ 900 മുതൽ 1,000 രൂപ വരെയാണ് വില.
രാസവളം ലഭ്യമല്ലാത്തതിനാല്‍ ഏക്കറുകണക്കിന് സ്ഥലത്ത് കൃഷിചെയ്തിട്ടുള്ള പൈനാപ്പിള്‍ കര്‍ഷകരും നെട്ടോട്ടത്തിലാണ്. പൈനാപ്പിള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന യൂറിയ, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നീ വളങ്ങളും കിട്ടാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. തുടർച്ചയായി വിലയിടിവ് നേരിട്ടിരുന്ന പൈനാപ്പിൾ കര്‍ഷകര്‍ക്ക് ഇപ്പോൾ വിപണിയില്‍ നിന്നും മെച്ചപ്പെട്ട വിലയാണ് ലഭിക്കുന്നത്. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ഇന്നലെ പഴത്തിന് 52 രൂപയും പച്ചക്ക് 44 രൂപയും സ്പെഷ്യൽ ഗ്രേഡിന് 46 രൂപയുമാണ് വില. മികച്ച വില ലഭിക്കുന്നതിനാൽ മറ്റ് കൃഷികൾ വിട്ട് ലോറേഞ്ചിൽ ഉൾപ്പെടെ പൈനാപ്പിൾ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. 20,000 ഹെക്‌ടറിലധികം വ്യാപിച്ച് കിടക്കുന്ന വാഴക്കുളം പൈനാപ്പിള്‍ കൃഷിക്ക് 1,700 കോടിയില്‍ ഏറെ വാര്‍ഷിക വിറ്റുവരവാണ് കേരളത്തില്‍ നിന്നുള്ളത്.
പൈനാപ്പിള്‍ ഒരു ഹെക്ടറില്‍ 20,000 തൈകളില്‍ ഏറെയാണ് കൃഷി ചെയ്യുക. സാധാരണ ഗതിയില്‍ മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ സമ്മിശ്രമായോ അല്ലാതെയോ ചെടി ഒന്നിന് 60 ഗ്രാം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. വര്‍ഷം രണ്ട് പ്രാവശ്യമായി ഉപയോഗിക്കുന്ന മിശ്രവളങ്ങള്‍ 30 ഗ്രാം കാലവര്‍ഷ സമയത്തും 30 ഗ്രാം തുലാവര്‍ഷ സമയത്തുമാണ് ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വളം ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. രാജ്യത്തെ പ്രമുഖ വളം നിർമ്മാണ വിതരണക്കാരായ കമ്പനികളിൽ പ്രധാന വളങ്ങൾ സ്റ്റോക്കില്ലെന്നാണ് വിവരം.
ഇ പോസ് മിഷനിലൂടെ വളം നൽകുന്ന ഡീലർമാർ യഥാസമയം നൽകുന്ന വളത്തിന്റെ സ്റ്റോക്ക് ആധാർ നമ്പർ ഉപയോഗിച്ച് രേഖപ്പെടുത്താത്തതാണ് വളത്തിന്റെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്നാണ് വിതരണ കമ്പനികളുടെ വാദം.