Site iconSite icon Janayugom Online

അവരുടെ ഇടം ഇടമില്ലായ്മയാണ്

shoolshool

നിയന്ത്രിതമായ അധികാരം അതിക്രമങ്ങളിലേക്ക് നയിക്കും. ഏതു തെറ്റിനെയും ന്യായീകരിക്കും അതു നിലനിർത്താൻ. ആത്യന്തികമായി അത് ഘടനാപരമായ വിനാശത്തിൽ ചെന്നെത്തും. അതേസമയം, എല്ലാ സാമ്രാജ്യങ്ങളും വളർച്ചയുടെ പാരമ്യതയിലെത്തുകയും തകരുകയും ചെയ്യുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. ഭരണകൂടങ്ങൾ എല്ലാറ്റിനെയും ഉൾക്കൊണ്ടുകൊണ്ടാണ് വളരേണ്ടത്. ഉൾക്കൊള്ളുന്തോറും വളരും. വളരുന്തോറും ഉള്‍ക്കൊള്ളണം. എന്നാൽ ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങൾ, വ്യത്യസ്ത ആശയങ്ങളെ, അഭിപ്രായങ്ങളെ ഉൾക്കൊള്ളാതെ ബാഹ്യമായി മാത്രം വളരുന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.
ഏറ്റവും ചെറിയ മനുഷ്യൻ മുതൽ വലിയവർ വരെ എല്ലാവർക്കും കുറച്ചൊക്കെ അധികാരങ്ങളുണ്ട്. ഏറ്റവും അധികാരം കുറഞ്ഞവനും ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇന്ന് മനുഷ്യരുടെ, സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിനുമേലെപോലും ഫാസിസ്റ്റു ഭരണകൂടം കൈകടത്തുന്നു. ഫാസിസം പ്രവർത്തിക്കുന്നത് കൃത്യമായ ആസൂത്രണത്തോടുകൂടിയാണ്. അഹിംസ എന്ന ആശയത്തെ തന്നെ ഭരണകൂടം കീഴ്മേൽ മറിച്ചിരിക്കുന്നു. സ്വകാര്യവല്ക്കരണത്തെ സർക്കാർ സംരംഭങ്ങൾക്കു പകരമുള്ള മാർഗമായിട്ടാണ് ഭരണകൂടം അവതരിപ്പിക്കുന്നത്. സ്വകാര്യവല്ക്കരണം കേന്ദ്രീകൃത രാഷ്ട്രത്തിന്റെ മറ്റൊരു പരിണാമമാണ്. അതുവഴി അവർ പറയുന്നത് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള വിഭവങ്ങളും സമ്പത്തും ഞങ്ങൾ സ്വകാര്യ മൂലധനശക്തികൾക്കു നല്കുമെന്നാണ്.
അവർ ഒരു പ്രത്യേക രാഷ്ട്രം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ്. അരക്ഷിതബോധത്തിലും ഭീഷണിയിലും ഭയത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെ, സമ്പദ്‌വ്യവസ്ഥയെ ആധാരമാക്കിയ രാഷ്ട്രം. ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ, ചൈതന്യവത്തായ സംസ്കാരത്തെ ആക്രമിക്കുന്നത് വിദേശികളല്ല, ഹിന്ദുത്വ രാഷ്ട്രവാദത്തിന്റെ വക്താക്കളാണ്. ഇന്ന് രാജ്യത്തെ പലരും അവർ വച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾക്കു പിറകെപ്പോകുന്നു. അങ്ങനെ മുന്നോട്ടു പോകുമ്പോൾ ഓരോ വ്യക്തിയും അറിയുന്നില്ല, അവർ സഹോദരന്റെ, സഹോദരിയുടെ, സുഹൃത്തിന്റെ മേൽ ചവിട്ടിയാണ് പോകുന്നത്. സൗകര്യങ്ങൾക്കു വേണ്ടി, കൊടുക്കേണ്ടിവരുന്ന ദുഃഖകരമായ വിലയാണത്. ലോകത്തിൽ പലയിടത്തും, ഇന്ത്യയിലും ഭയാനകമായ വേഗത്തിൽ സ്വാതന്ത്ര്യം തട്ടിയെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രം കവർന്നെടുത്തു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ ധ്വംസനത്തെ നിരസിക്കേണ്ടത്, വളരെയേറെ അത്യാവശ്യമായിരിക്കുന്നു. ഫാസിസ്റ്റു പ്രവണതകളെ പ്രതിരോധിക്കാൻ ജനകീയ ശക്തിക്കേ സാധിക്കൂ.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് വേട്ടകൾ തുടരുന്നു


അധികാരത്തിലിരിക്കുന്നവരോട് സത്യം ഓർമ്മിപ്പിക്കണം. പക്ഷെ, യഥാർത്ഥത്തിൽ അധികാരത്തിൽ ഇരിക്കുന്നവർ, സത്യം അറിഞ്ഞും കൂടെ നടക്കുന്നു. രാജ്യത്തെ ജനജീവിതം എങ്ങനെയാണെന്ന സത്യം ഭരിക്കപ്പെടുന്നവരേക്കാളേറെ അവർക്കറിയാം. എത്രത്തോളം അനീതിയും അന്യായവും നടക്കുന്നുവെന്ന് അവർക്കറിയാം. എത്രത്തോളം ഭയാനകമായ രീതിയിൽ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നവർക്കറിയാം. ഓരോ പദ്ധതികളിൽ നിന്നും തങ്ങൾ എത്രമാത്രം അപഹരിക്കുന്നു എന്നും അവർക്കും ഉദ്യോഗസ്ഥർക്കും ഇടപാടുകാർക്കും അറിയാം. എത്രമാത്രം തങ്ങൾക്കു കൈക്കൂലി ലഭിക്കുന്നു എന്ന് ഇവർക്കൊക്കെ അറിയാം. യഥാർത്ഥത്തിൽ അധികാരത്തിന് സത്യമറിയാം. ഒരു സംശയവും വേണ്ട, സത്യത്തിൻ അവർ പറയുന്നത് ഒരു കഥപറച്ചിലാണ്, അവരുടെ മാത്രം കഥ. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഓരോ നിമിഷവും ക്രൂരമായ അസമത്വങ്ങൾ നിലനില്ക്കുന്നു. എപ്പോഴെങ്കിലും നമ്മൾ ചിന്തിക്കണം, നമ്മൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, താമസിക്കുന്ന പാർപ്പിടം, അനുഭവിക്കുന്ന വിനോദോപാധികൾ ഇവയെല്ലാം ഭൂരിഭാഗത്തിനും ലഭ്യമാകുന്നില്ല എന്ന്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴര ദശകം കഴിഞ്ഞു എന്നോർക്കണം.
ഇന്ന് അധികാരം നിലനിർത്താൻ അസഹിഷ്ണുത വ്യാപിപ്പിക്കുന്നു. ചരിത്രദുർവ്യാഖ്യാനം നിരന്തരം നടത്തുന്നു. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ വികലമാക്കുന്നു. പ്രൗഢമായ ദേശീയചിഹ്നത്തെ വികലമാക്കി (അശോകസ്തംഭം). ഇതൊക്കെ കാണിക്കുന്നത് ഫാസിസത്തിന്റെ ജീർണിച്ച, മുരടിച്ച മനസാണ്. അവർ സത്യം അബദ്ധമാണെന്ന് പറയുന്നവരാണ്. അതുകൊണ്ടാണ് സത്യത്തെക്കുറിച്ച് പരീക്ഷണം നടത്തിയ ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. അതുകൊണ്ടുതന്നെ അവർ അസത്യത്തെക്കുറിച്ച് നിരന്തരം പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു. പണ്ടേ, മുസോളിനി പറഞ്ഞിട്ടുണ്ട്, സത്യം പറയാൻ ഏതു മണ്ടനും കഴിയും അസത്യം പറയാൻ ബുദ്ധി വേണമെന്ന്. അതുകൊണ്ട് ബുദ്ധിശാലികളായ ഫാസിസ്റ്റുകൾ, അസത്യം പറയുകയും പറഞ്ഞത് മാറ്റിപ്പറയുകയും പലപ്പോഴും പലരെക്കൊണ്ട് അതു പറയിപ്പിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്നു കാണുന്ന അവസ്ഥ.
ഏതു മതത്തിൽപ്പെട്ടവനും മനുഷ്യനായി തീരുകയാണ് ഏറ്റവും വലിയ മതം, എന്നു പഠിപ്പിച്ച ദർശനങ്ങളുടെ നാടാണിത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? മനുഷ്യത്വമില്ലാത്ത മതങ്ങൾ എങ്ങനെ മതമാകും? ദേവാലയങ്ങളെ സംരക്ഷിച്ചാൽ ഫാസിസത്തെ സംരക്ഷിക്കാമെന്നാണ് ഫാസിസ്റ്റുകൾ കരുതുന്നത്. ഭാരതം കാണിച്ചുതന്നത് സിംഹാസനം ഉപേക്ഷിച്ച രാമനെയാണെന്ന് ഓർക്കണം. സിംഹാസനം നിലനിർത്താനാണ് ഇന്നുള്ളവർ മതത്തെ ഉപയോഗിക്കുന്നത്. ഇത്തരം ആശയങ്ങൾക്ക് പ്രാമുഖ്യം കൂടുമ്പോള്‍ അത് ജനകീയ ഐക്യത്തിനു ഹാനികരമാകും. മൗനമാണ് ഫാസിസത്തിന് വളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണ് എന്ന് തിരിച്ചറിഞ്ഞ്, മൗനത്തെ ഭേദിക്കാനുള്ള പ്രവർത്തനം നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് ഭരണവും ; മാധ്യമ സ്വാതന്ത്ര്യവും


ഇവിടെ സ്തുതിപാഠകരുടെ വിഹാര രംഗമാണ്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയടക്കം കുത്തക മൂലധനശക്തികൾക്ക് സ്തുതിഗീതം പാടുന്നു. അതുമൂലം ദ്രുതഗതിയിൽ അതി സമ്പന്നതയുടെ ഉയരങ്ങളിലേക്ക് അടിക്കടി പൊയ്ക്കൊണ്ടിരിക്കുന്നു. മനുഷ്യ മനസിന്റെ ദൗർബല്യം മുതലെടുക്കാൻ ഫാസിസ്റ്റുകൾ പല മാർഗങ്ങളും ഉപയോഗിക്കും. അടുത്തതായി എന്താണ് വേണ്ടതെന്ന് അവർ മാറിമാറി ചിന്തിക്കുന്നു. അതിനു പ്രധാനമായും മതങ്ങളെയും അടയാളങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ഭരണാധികാരികൾ തന്നെ പൂജ നടത്തുന്നു. മതേതരത്വത്തെ നിഷ്കാസനം ചെയ്യുന്നു.
ദേശീയ വാദത്തിന്റെ ആക്രമണോത്സുകമായ മുഖത്തെ ഫാസിസം അനാവരണം ചെയ്യുന്നു. വാസ്തവത്തിൽ ദേശീയ വാദസങ്കല്പം ഒരു ആന്തരിക പ്രതിഭാസമാണ്. അത് വിവിധങ്ങളായ മാനുഷിക പ്രേരണകളെ കൂട്ടിയിണക്കുന്നു.
സാമ്രാജ്യത്വത്തിനെതിരെ, ദേശസ്നേഹികൾ രാഷ്ട്രത്തിന്റെ സംസ്ക്കാരിക വേരുകൾ അന്വേഷിച്ചു. വളരെ സമ്പന്നമായ ഭാരതീയ സംസ്കാരത്തെ ഉൾക്കൊണ്ടു. വ്യത്യസ്ത ചിന്തകളെയും മനോഹരമായ വൈവിധ്യങ്ങളെയും ചേർത്തുപിടിച്ചു. എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മനസുണ്ടായി അവർക്ക്. മതേതരത്വത്തിനെ സ്വീകരിച്ചു. എന്നാൽ സംസ്കാരത്തെ അന്വേഷിച്ച മറ്റു ചിലർ ഹൈന്ദവ പാതയിൽ എത്തിച്ചേർന്നു. ഹിന്ദുത്വ വാദികൾ പറയുന്നത് ഇന്ത്യൻ ദേശീയതയുടെ വേരുകൾ പുരാണത്തിലും ഇതിഹാസത്തിലുമാണ് എന്നതാണ്. ഹിന്ദുക്കൾ വിദേശികൾക്കെതിരായി നടത്തിയ അസംഖ്യം യുദ്ധങ്ങളാണത്രെ, ഇന്ത്യയെ ചരിത്രപരമായി വികസിപ്പിച്ചത് എന്ന അസത്യം അവർ പ്രചരിപ്പിക്കുന്നു. ഈ വാദഗതിക്കാർ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാൻ യാതൊന്നും ചെയ്തിട്ടില്ല എന്നതും വസ്തുതയാണ്. ഇന്ന് നിയമവ്യവസ്ഥ ഫാസിസത്തിന് അനുകൂലമായി ചലിപ്പിക്കപ്പെടുന്നു. ടീസ്ത സെതല്‍വാദും ആർ ബി ശ്രീകുമാറും ഉൾപ്പെടെ, നിയമവ്യവസ്ഥയുടെ മറവിൽ ഭരണകൂട വേട്ടയുടെ ഇരകളായവരുടെ എണ്ണം വർധിച്ചുവരുന്നു.
യഥാർത്ഥത്തിൽ ഭയം സൃഷ്ടിക്കുന്നവർ ജനങ്ങളെ വല്ലാതെ ഭയക്കുന്നു എന്നു നാം അറിയണം. ഫാസിസത്തിന് കണ്ണടച്ച് അവരെ വിശ്വസിക്കുന്നവരെയാണ് ഇഷ്ടം. അവർ ധീഷണയെ ഭയക്കുന്നു. എതിർപ്പുകളെ അടിച്ചമർത്തൽ മാത്രമല്ല, ധിഷണാവിരുദ്ധതയുടെ മുഖം. വിദ്യാഭ്യാസ രംഗത്തെ കൈകടത്തലുകൾ, തികഞ്ഞ മൂല്യശോഷണം ഉണ്ടാക്കൽ, പൊതുസംവാദങ്ങളെ ദുർബലപ്പെടുത്തൽ, ആധികാരിക അഭിപ്രായങ്ങളെ ഇല്ലാതാക്കൽ ഇതൊക്കെ അവർ ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് മൂലധനശക്തികളും കർമ്മഫലവും


മിഥ്യാ ദേശീയബോധം താലോലിക്കുന്ന ജനതയെ, പ്രതികരിക്കാത്ത ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്യലിനെ ഭയക്കുന്ന രാഷ്ട്രീയവുമാണ് ഫാസിസത്തിന്റെ വളർച്ചയുടെ അടയാളം. ഫാസിസവും ഭയവും ഒന്നിച്ചേ പോകൂ. ധിഷണാബലം ഭയത്തെ അതിജീവിക്കാൻ അനിവാര്യമാണ്. ശബ്ദിക്കുന്ന ധിഷണാ ഉറവിടങ്ങൾക്കു മേൽ ഫാസിസം കൈവയ്ക്കുന്നു. മനുഷ്യനെതിരെ പ്രവർത്തിക്കുന്ന ഫാസിസ്റ്റുകൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം. അവർക്ക് സമൂഹത്തിൽ ഇടം കിട്ടാതിരിക്കാൻ മാനവികാശയങ്ങൾ പ്രചരിപ്പിക്കണം. ജനങ്ങളെ ബോധവൽക്കരിക്കണം. ഈ രാഷ്ട്രം സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ രാഷ്ട്രമാണ്. അതാണ് ജനങ്ങൾ അറിയേണ്ടതും മനസിലാക്കേണ്ടതും. അതിനാണ് കൃത്യമായ ബോധവല്ക്കരണം നടത്തേണ്ടത്. നീതിയും സഹിഷ്ണുതയും സ്വീകരിച്ച ജനതയാണ് ജനാധിപത്യത്തെ, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിലനിർത്താൻ സഹായിക്കുക എന്ന് ഗാന്ധിജി വിശ്വസിച്ചു. അത്തരം കൂട്ടായ്മകളാണ് അധികാരം കൈയാളേണ്ടത്. അതാകണം രാഷ്ട്രീയ, അധികാരത്തിന്റെ പരമപ്രധാന സ്രോതസ്.
അധീശശക്തികളുടെ ആധിപത്യത്തിനെതിരെ, നീതി പുനഃസ്ഥാപിക്കാൻ, പ്രതിരോധത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടണം. അത് ഒരു ഉത്തരവാദിത്തമാണ്. ഫാസിസ്റ്റ് ആശയങ്ങൾക്ക് വളരാൻ സ്ഥലം കൊടുക്കരുത്. നീതിയുടെ രാഷ്ട്രീയത്തിനു വേണ്ടിയാകണം നിരന്തര പ്രവർത്തനം. അത് ചുറ്റുപാടുമുള്ള വേദനകളെയും അപമാനങ്ങളെയും, സഹനങ്ങളെയും, മനസിലാക്കി ഇടപെടാനുള്ള പ്രവർത്തനമാണ്. മനുഷ്യനെ സ്നേഹിക്കുന്ന പ്രവർത്തനം രാഷ്ട്രം ആവശ്യപ്പെടുന്നു.
ജലാലുദ്ദീൻ റൂമിയുടെ കവിതയിൽ പറയുന്നതുപോലെ മനുഷ്യസ്നേഹികളുടെ ഇടം ഇടമില്ലായ്മയാണ്. അവരുടെ അടയാളം അടയാളം ഇല്ലായ്മയാണ്. അധികാരത്തെ മാറ്റി നിർത്തിയ അവധൂത മനസുള്ള പൂർവ്വികർ കെട്ടിപ്പടുത്ത സാഹോദര്യത്തിന്റെ രാഷ്ട്രമായ ഭാരതത്തിൽ ഫാസിസം തകർന്നേ പറ്റൂ. അത് നിർവ്വഹിക്കലാണ് നമ്മുടെ കടമ…

Exit mobile version