2 May 2024, Thursday

Related news

March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023
June 24, 2023
April 7, 2023
March 16, 2023
March 3, 2023
December 14, 2022

ഫാസിസ്റ്റ് ഭരണവും ; മാധ്യമ സ്വാതന്ത്ര്യവും

റീന ഫിലിപ്പ്
February 2, 2022 6:52 pm

ഫാസിസ്റ്റുകൾക്കും ഏകാധിപതികൾക്കും എന്നും അവശ്യം അവരുടെ അജണ്ടകളോട് കൂറ് പുലർത്തി അതിനെ ജനങ്ങൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെയാണ്.അത് മുസോളിനിയുടെ ഇറ്റലിയിൽ ആയാലും ഹിറ്റ്ലറുടെ ജർമ്മനിയിൽ ആയാലും ഏർദോഗൻ്റെ തുർക്കിയിൽ ആയാലും നരേന്ദ്ര മോഡിയുടെ ഇന്ത്യയിൽ ആയാലും അങ്ങിനെ തന്നെയാണ്.അതിനർത്ഥം ജനാധിപത്യം ഉദ്ഘോഷിക്കുന്ന അമേരിക്ക പോലെ ഉള്ള രാജ്യങ്ങളിൽ പരമമായ മാധ്യമ സ്വാതന്ത്ര്യമുണ്ട് എന്നല്ല.അവിടെയും സാമ്രാജ്യത്ത — കോർപ്പറേറ്റ് താൽപര്യങ്ങൾ തന്നെയാണ് മാധ്യമങ്ങളുടെ മുൻഗണന തീരുമാനിക്കുന്നത്.അവിടെയൊക്കെ നിയന്ത്രണങ്ങൾ കുറച്ച് കൂടി തന്ത്രപരമായി നടപ്പിലാക്കുന്നു എന്ന് മാത്രം.

ഫാസിസം അവരോട് പ്രതിബദ്ധത പുലർത്തുന്ന മാധ്യമങ്ങളെ സൃഷ്ടിക്കുന്നതിൻറെ ആദ്യപടിയായി ചെയ്യുന്നത് ദേശീയതയെ നിർവചിക്കുക എന്നതാണ്.ദേശസ്നേഹം എന്നതിനെ ഭരണകൂട താൽപര്യം എന്നാക്കി മാറ്റുമ്പോൾ അതിനു എതിരെ നിൽക്കുന്നതൊക്കെ ദേശവിരുദ്ധമായി മാറും. ആ നിർവചനത്തിന് ഉള്ളിൽ ഒതുങ്ങാത്ത ‚ഭരണകൂടം സൃഷ്ടിക്കുന്ന ഉപാധികൾ നിന്നും വ്യതിചലിക്കുന്ന എന്തിനെയും ഫാസിസം ഒന്നുകിൽ വരുതിയിൽ വരുത്തുകയോ അല്ലെങ്കിൽ ഇല്ലായ്മ ചെയ്യുകയോ ചെയ്യും.

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം മൗലിക അവകാശമായി തന്നെ ഉറപ്പ് നൽകുന്ന ഒരു ഭരണഘടനക്ക് കീഴിൽ ഭരണം നടത്താൻ നിർബന്ധിതരായത് കൊണ്ട് തന്നെ ബി ജെപി ക്ക് മാധ്യമങ്ങളെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിനു പരിമിതികൾ ഉണ്ട്.എന്നിട്ട് പോലും അവരുടെ ഫാസിസ്റ്റ് നയങ്ങൾ ഓരോ ദിവസം കഴിയുന്തോറും മാധ്യമങ്ങളിൽ പിടിമുറുക്കുകയാണ്.

സംഘ പരിവാർ ഭരണകൂടം തങ്ങളുടെ നയങ്ങൾ പ്രചരിപ്പിക്കാൻ ഒരു കൂട്ടം ’ പ്രതിബദ്ധരായ’ മാധ്യമങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.ടൈംസ് നൗ,സീ ന്യൂസ്,റിപ്പബ്ലിക്ക് ടി വി, ആജ് തക് , എ ബി പി ന്യൂസ്, സുദർശൻ ന്യൂസ് തുടങ്ങിയ ’ ഗോഡി മീഡിയ ’ എന്ന് അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളും ഭരണകൂട താൽപര്യങ്ങളെ സേവിക്കുക എന്ന ദൗത്യം കൃത്യമായി തന്നെ നിർവഹിക്കുന്നവരാണ്. വ്യാജവും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതുമായ വാർത്തകൾ സൃഷ്ടിക്കുക, ബിജെപി സർക്കാരിൻ്റെ ‘നേട്ടങ്ങളെ ’ പെരുപ്പിച്ചു കാണിക്കുക,ന്യൂന പക്ഷങ്ങൾ,ദളിതർ,ആക്ടിവിസ്റ്റുകൾ, ഇടതു പാർട്ടികൾ തുടങ്ങി ഹിന്ദുത്വ താൽപര്യങ്ങൾക്ക് എതിരെ നിൽക്കുന്ന ആരെയും ദേശ ദ്രോഹികളാക്കി മുദ്ര കുത്തുക ‚ഇങ്ങനെയൊക്കെയാണ് ഈ മാധ്യമങ്ങൾ ഭരണകൂട അജണ്ടകൾ നടപ്പിലാക്കുന്നത് .

ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഇവിടെ നടന്ന ചില പ്രധാന സംഭവങ്ങൾ ഈ മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്തു എന്ന് നോക്കിയാൽ മതി ഇവരുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ.

കശ്മീരിൻ്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞു മാധ്യമങ്ങളെ നിരോധിക്കുകയും ഫോൺ ‚ഇൻ്റർനെറ്റ് ബന്ധം ഉൾപ്പെടെ വിച്ഛേദിച്ചു ആ ജനതയെ അക്ഷരാർഥത്തിൽ ബന്ദികൾ ആക്കിയപ്പോൾ അവിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ ഈ ഗോഡി മീഡിയ മൂടി വെക്കുകയാണ് ഉണ്ടായത്.അത് പോലെ തന്നെ സി എ എ ക്ക് എതിരെ സമാധാനപരമായി സമരം ചെയ്ത പ്രതിഷേധക്കാരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് നേരിട്ട രീതിയെ ഇവർ ന്യായീകരിക്കുകയാണ് ഉണ്ടായത് .ഷഹീൻ ബാഗ് സമരക്കാരെ ജിന്ന — പാകിസ്താൻ പ്രേമികൾ , ഹിന്ദു വിരോധികൾ എന്നൊക്കെയാണ് റിപ്പബ്ലിക്ക് ടീ വിയുടെ അർണാബ് ഗോസ്വാമി വിശേഷിപ്പിച്ചത്. മറ്റു മാധ്യമങ്ങളും ഇതേ രീതിയിൽ തന്നെയാണ് സമരത്തോട് പ്രതികരിച്ചത്.കർഷക സമരത്തെ മർദ്ദിച്ചു ഒതുക്കാൻ സര്ക്കാര് ശ്രമിച്ചപ്പോൾ അവരെ രാജ്യദ്രോഹികളാക്കി മുദ്ര കുത്തി ഇതേ മാധ്യമങ്ങൾ സർക്കാരിന് ഒപ്പം നിന്നു .

സർക്കാരിൻ്റെ അശാസ്ത്രീയമായ നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ ആയപ്പോൾ പുതിയ നോട്ടുകളിൽ നാനോ ജിപിഎസ് ചിപ്പ് പിടിപ്പിച്ചിട്ടുണ്ട് ‚ഇത് നരേന്ദ്ര മോഡിയുടെ മാസ്റ്റർ സ്ട്രോക്ക് ആണ് എന്നൊക്കെ വാദിച്ച് സർക്കാരിനെ പ്രകീർത്തിച്ച് എഡിറ്റോറിയലുകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തതാണ് ഈ മീഡിയകൾ .സർക്കാരിൻ്റെ കോവിഡ് പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലുള്ള പരാജയം കാരണം ആയിരങ്ങൾ മരിച്ചു വീഴുകയും മുന്നൊരുക്കം ഇല്ലാത്ത ലോക്ക് ഡൗണിന്റെ ഫലമായി ലക്ഷങ്ങൾ വീടും തൊഴിലും നഷ്ടപ്പെട്ടു പലായനം നടത്തുകയും ചെയ്തപ്പോൾ ഇവർ യഥാർത്ഥ മരണ സംഖ്യയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലെ പരാജയവും മറച്ചു വെച്ച് ബിജെപിയെ വാഴ്ത്തുന്ന തിരക്കിൽ ആയിരുന്നു.അതോടൊപ്പം തബ്ലീഗ് ജമാഅത്ത് കൊറോണ പരത്തി എന്നൊക്കെയുള്ള വ്യാജ വാർത്തകൾ ചമച്ചു വർഗീയത പരത്തി സർക്കാരിന്റെ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള ശ്രമങ്ങളും മറുവശത്തും നടത്തിയിരുന്നു.

അങ്ങിനെ ഒരു വശത്ത് സർക്കാർ ജിഹ്വയായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ പോറ്റി വളർത്തിയപ്പോൾ മറുവശത്ത് തങ്ങൾക്ക് എതിരെ നിൽക്കുന്ന അഥവാ ഹിന്ദുത്വ അജണ്ടകൾ പ്രോത്സാഹിപ്പിക്കാത്ത മാധ്യമങ്ങൾക്ക് മുകളിൽ വിലക്ക് ഏർപ്പെടുത്തുക എന്ന നയമാണ് നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ചു പോരുന്നത്.ഇവിടെ ഓർക്കേണ്ടത് ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് ഭരണഘടന മരവിപ്പിച്ചു അടിയന്തിരാവസ്ഥ ഏർപ്പെടുത്തേണ്ടി വന്നു പത്ര സ്വാതന്ത്ര്യം ഹനിക്കാൻ.എന്നാൽ നരേന്ദ്ര മോഡി അത് ചെയ്യുന്നത് ഭരണഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെയാണ്.അതിനു ഉപയോഗിക്കുന്ന ആയുധമാണ് ‘രാജ്യസുരക്ഷ ’ .

ഈയൊരു പശ്ചത്തലത്തിലാണ് സർക്കാർ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്കിനെ കാണാൻ.രാജ്യസുരക്ഷക്ക് എതിരാണ് എന്ന കാരണം പറഞ്ഞാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈ കോടതി ആ നടപടിയെ താല്ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.

മീഡിയാ വൺ ജമാഅത്ത് ഇസ്ലാമിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ചാനൽ ആണ്. ആ രാഷ്ട്രീയത്തോട് വിയോജിപ്പ് ആവാം.പക്ഷേ സംഘ പരിവരാർ ഭരണ കൂടം ആ ചാനലിനെ നിരോധിച്ചത് അത് ഒരു മുസ്ലിം മാനേജ്മെന്റെിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആയതു കൊണ്ട് മാത്രമാണ്.അത് കൊണ്ട് തന്നെ അതിനെ എതിർത്തു മീഡിയ വണ്ണിന് നിരുപാധികം പിന്തുണക്കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.

നിരോധനം എന്നത് ഇരു തല മൂർച്ചയുള്ള വാളാണ്.അത് ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും വരാം. നീ മുള്ളർ പറഞ്ഞത് പോലെ ഇന്ന് നമ്മൾ അവർക്കൊപ്പം നിന്നില്ല എങ്കിൽ നാളെ നമ്മളെ അന്വേഷിച്ചു ഫാസിസം വരുമ്പോൾ ഒപ്പം നിൽക്കാൻ ആരും ഉണ്ടാവില്ല .

Eng­lish Sum­mery : Fas­cist rule  And media freedom
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.