Site iconSite icon Janayugom Online

ഫാസ്‌ടാഗ് ഉപയോഗം: മാറ്റം ഇന്നുമുതല്‍

ഫാസ്‌ടാഗ് ഉപയോഗത്തില്‍‍ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ടോള്‍ പ്ലാസ എത്തുന്നതിന് മുമ്പ് റീചാര്‍ജ് ചെയ്യുന്ന രീതി ഇനി മുതല്‍ നടക്കില്ല. ഫാസ‌്ടാഗ് ബാലന്‍സ് വാലിഡേഷന്‍ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങളാണ് നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുന്നത്. പുതുക്കിയ നിയമം ലംഘിച്ചാല്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. 

ടോൾ പ്ലാസയിൽ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുകയോ ഹോട്ട്‌ലിസ്റ്റ് ചെയ്യുകയോ ബാലൻസ് കുറയുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഇടപാട് നിരസിക്കപ്പെടും. ഇടപാട് നടത്തിയതിന് 10 മിനിറ്റിനുള്ളില്‍ ഫാസ‌്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയോ ഇന്‍ ആക്ടീവ് ആവുകയോ ചെയ്താലും ഇടപാട് നിരസിക്കും. കോഡ് 176 പ്രകാരമുള്ള നടപടികളാണ് ഇവിടെ ബാധകമാവുക. അതായത് ഉപഭോക്താവ് ടോൾ ഫീസിന്റെ ഇരട്ടി പിഴയായി നല്‍കേണ്ടിവരും. ഇതിന്റെ ഭാഗമായി ടോള്‍ ബൂത്തിലെത്തുന്നതിന് 60 മിനിറ്റ് മുമ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഫാസ്‌ടാഗ് ആണെങ്കില്‍ അവസാന നിമിഷത്തിലെ റീചാര്‍ജ് സാധിക്കില്ല. 

ആവശ്യമായ ബാലന്‍സ് ഇല്ലാത്ത, കെവൈസി അപ്ഡേഷന്‍ പൂര്‍ത്തിയാക്കാത്ത, ചെയ്സ്, രജിസ്ട്രേഷന്‍ നമ്പറുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുള്ള ഫാസ‌്ടാഗുകളെയാണ് ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ഫാസ‌്ടാഗ് കാർഡ് സസ്പെൻഡ് ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഫാസ‌്ടാഗ് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ കഴിയില്ല.
നേരത്തെ ടോൾ ബൂത്തിന് സമീപം ഫാസ‌്ടാഗ് റീചാർജ് ചെയ്ത് കടന്നുപോകാമായിരുന്നു. ഇനിമുതൽ ഫാസ‌്ടാഗ് ഉടമകൾ അവരുടെ ഫാസ‌്ടാഗിന്റെ സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കണം. യാത്രയ്ക്ക് മുന്നോടിയായി ഫാസ‌്ടാഗ് വാലറ്റില്‍ കൃത്യമായ പണമുണ്ടെന്ന് ഉറപ്പാക്കണം. ഇടപാട് സമയം പരിശോധിച്ച് ഉറപ്പിച്ചാല്‍ അധിക ചാര്‍ജുകള്‍ ഒഴിവാക്കാം. അനാവശ്യമായി പണം പിടിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസത്തെ കൂളിങ് സമയത്തിന് ശേഷം പരാതി നല്‍കാം.

Exit mobile version