Site iconSite icon Janayugom Online

വാളയാർ പീഡന കേസിൽ അച്ഛനും അമ്മയും പ്രതികൾ; കുറ്റപത്രം നൽകി സിബിഐ

വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണെന്ന് സിബിഐ . ഇരുവരെയും പ്രതി ചേർത്ത് അനബന്ധ കുറ്റപത്രം സമർപ്പിച്ചു . തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല.

ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. 

ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. ബലാത്സംഗം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉണ്ടായിരുന്നു. കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കുകയായിരുന്നു. 

Exit mobile version