ഇറാനും ഇസ്രയേൽ–യുഎസ് സഖ്യവുമായുള്ള യുദ്ധത്തെ തുടർന്ന് ഇന്നും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയേക്കും. കേരളത്തിൽ നിന്നടക്കമുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദ് ചെയ്തത്. പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്.
വിമാനങ്ങൾ റദ്ദാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തിയ നിരവധി പേർ വിമാനത്താവളങ്ങളിൽ കുടുങ്ങി. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നും ദോഹയിലേക്കും ദമാമിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യയുടെ മൂന്ന് സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച ദമാമിൽ നിന്നും ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഗൾഫ് മേഖലയിൽ ദുബായ്, കുവൈത്ത്, അബുദാബി വിമാനത്താവളങ്ങൾ ആക്രമിക്കപ്പെട്ടതോടെ ഇവിടങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. ഇന്ന് പ്രവർത്തനം പഴയപടിയാകുമെന്ന് അധികൃതർ അറിയിച്ചെങ്കിലും സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിമാനസർവീസുകൾ റദ്ദാക്കിയേക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാൻ എല്ലാ എയർലൈനുകളുടെയും ഹെൽപ് ലൈൻ കൗണ്ടറുകൾ അന്താരാഷ്ട്ര ടെർമിനലിന് (ടി2) പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. എയർലൈനുകളുടെ ജീവനക്കാർ കൗണ്ടറുകളിൽ യാത്രക്കാരെ സഹായിക്കും. തിരുവനന്തപുരത്ത് നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് അബുദാബിയിലേക്ക് പുറപെട്ട എയര്‍ അറേബ്യ വിമാനമാണ് ആദ്യം യാത്ര പിന്‍വലിച്ച് സര്‍വീസ് റദ്ദാക്കിയത്.യാത്രക്കാരുമായി എയര്‍ലൈന്‍സ് പകുതി ദൂരം പിന്നിട്ടതോടെയാണ് യുഇഎയുടെ വ്യേമപാത അടച്ചുയെന്നുളള അറിയിപ്പ് വന്നത് ഇതോടെ എയര്‍ അറേബ്യ വിമാനത്തെ തിരുവനന്തപുരത്തേക്ക് മടക്കി വിളിക്കുകയായിരുന്നു. ഇതോടെ ഗള്‍ഫ്മേഖലകളിലേക്കുള്ള മറ്റുവിമാനങ്ങള്‍ റദ്ദാക്കികൊണ്ടുള്ള അറിയിപ്പുകള്‍ എത്തിയത്.

