Site iconSite icon Janayugom Online

ഫെയ്ന്‍ജല്‍ ഇന്ന് കരതൊടും

കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്ര ന്യൂനമർദ്ദം ഫെയ്ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് ഉച്ചക്ക് ശേഷം കാരൈക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാം. ഇതിന്റെ ഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ മഴ ശക്തമായിരുന്നു. ചെങ്കല്‍പ്പേട്ട, വില്ലുപുരം, ഗൂഡല്ലൂര്‍, മയിലാടുതുറ, നാഗപട്ടണം, പുതുച്ചേരി, കാരൈക്കല്‍ മേഖലകളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. കാരൈക്കല്‍, പുതുച്ചേരി മേഖലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 

തെക്കൻ കേരള തീരത്ത് നാളെയും, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Exit mobile version