ചെടികളോടുള്ള അടങ്ങാത്ത പ്രണയം ബിസിനസായി മാറ്റിയപ്പോൾ യുവതി സമ്പാദിക്കുന്നത് കോടികൾ. യുഎസിലെ ഐടി പ്രൊഫഷണലായ ലിന പെറ്റിഗ്രൂവ് എന്ന 44കാരിയാണ് ജീവിത വഴിയിൽ വ്യത്യസ്തയാകുന്നത്. 2022 ൽ, ഹ്യൂസ്റ്റണിലെ വീട് പുനർനിർമിച്ചപ്പോൾ ലിനയും ഭർത്താവ് മാർക്വിസും പൂന്തോട്ടം കൂടി ഉൾപ്പെടുത്തി ഒരു പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. കാലക്രമേണ, ചെടികളോടുള്ള അവരുടെ താൽപ്പര്യം വര്‍ധിച്ചു. 8 അടി ഉയരമുള്ള മോൺസ്റ്റെറസ് ഉള്‍പ്പെടെ വിവിധതരം ചെടികൾ കൊണ്ട് അവരുടെ വീട് നിറഞ്ഞു.
വീട്ടിൽ ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ ചെടികൾ ഉണ്ടായപ്പോൾ അത് വിൽക്കുവാൻ തീരുമാനിച്ചു. ഓൺലൈൻ മാർക്കറ്റ്‍ സൈറ്റായ പാംസ്ട്രീറ്റിലൂടെ ചെടി ലേലം ചെയ്യാൻ തുടങ്ങിയപ്പോൾ ലിനയെ കാത്തിരുന്നത് ലക്ഷങ്ങളുടെ വരുമാനം. ഒരു വർഷം ആയപ്പോഴേക്കും തന്റെ സൈഡ് ബിസിനസിലൂടെ മാസം 10 ലക്ഷം വരെ സമ്പാദിക്കാൻ തുടങ്ങി. ഐടിയിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ടെങ്കിലും വർഷം 90,000 ഡോളറാണ് സമ്പാദിക്കുന്നത്.
ഈ ചെടി ബിസിനസിൽ ആഴ്ചയിൽ 20 മണിക്കൂർ ലിന ചെലവഴിക്കും. ചെടികൾ വാങ്ങുന്നത് മുതൽ വിൽക്കുന്നതും കയറ്റി അയക്കുന്നതും വരെ . സഹായത്തിനായി അഞ്ച് കരാർ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്. 2500 രൂപ മുതൽ 9700 രൂപ വരെയാണ് ഓരോ ചെടിക്കും അവൾ ഈടാക്കുന്നത്. ചെടികളുടെ ബിസിനസ് ലാഭമാവുന്നതോടെ തന്റെ ഐടി ജോലി വേണ്ടെന്ന് വയ്ക്കാം എന്ന അവസ്ഥയിൽ കാര്യങ്ങളെത്തുമെന്നാണ് ലിനയുടെ പ്രതീക്ഷ. ബിസിനസ് കൂടുതൽ ലാഭത്തിലാകുന്നതോടെ മറ്റ് തൊഴിലുകൾ നിർത്താനും ഫ്ലോറിഡയിലേക്ക് മാറാനും അവിടെ സ്വന്തമായി ഒരു വലിയ ചെടികളുടെ വീട് നിർമ്മിക്കാനുമാണ് ലിന ഇപ്പോൾ ആഗ്രഹിക്കുന്നത്.