Site iconSite icon Janayugom Online

ഒടുവില്‍ ബിജെപി മഹുവയെ കുടുക്കി

ഒടുവില്‍ മഹുവയെ കുടുക്കി ബിജെപി. ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശയിൽ ലോക്‌സഭാ സ്പീക്കർ അന്തിമതീരുമാനമെടുക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ മഹുവയെ പുറത്താക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തല്‍.
അഡാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങി എന്ന ആരോപണത്തിലാണ് മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന് എത്തിക്സ് കമ്മിറ്റി ലോക്‌സഭ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മഹുവയുടെ പണമിടപാടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ ചേര്‍ന്ന സമിതി യോഗത്തില്‍ നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് കരട് റിപ്പോര്‍ട്ടിന് അനുമതി നല്‍കിയത്. അതേസമയം ചര്‍ച്ചകള്‍ ഇല്ലാതെയാണ് കരട് റിപ്പോര്‍ട്ട് പാസാക്കിയതെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. അഡാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഫലം കൈപ്പറ്റിയെന്ന് ബിജെപി അംഗം നിഷികാന്ത് ദുബെ നല്‍കിയ പരാതി, സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് 500 പേജുള്ള കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമിതി റിപ്പോര്‍ട്ടില്‍ സ്പീക്കറാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.

അതേസമയം റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ കഴിഞ്ഞദിവസം ചോര്‍ന്നതിനെ കുറിച്ച് മഹുവ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് മഹുവ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിരാനന്ദാനി 47 പ്രാവശ്യം ഈ ലോഗിന്‍ പാസ്‌വേഡ് ദുബായില്‍ നിന്നും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സമ്മാനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിച്ചിട്ടില്ലെന്ന് മഹുവ കമ്മിറ്റിയെ അറിയിച്ചിരുന്നു. ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.
നേരത്തെ തെളിവെടുപ്പിനിടെ സമിതി അധ്യക്ഷന്‍ ബിജെപി അംഗം വിനോദ് സോങ്കാറില്‍ നിന്നും വ്യക്തിപരമായ ചോദ്യം ഉണ്ടായതോടെ മഹുവയും പ്രതിപക്ഷാംഗങ്ങളും ഇറങ്ങിപ്പോയിരുന്നു. അഭിഭാഷകനായ ജയ്ആനന്ദ് ദേഹാദ്രിയാണ് ഈ വിഷയം ആദ്യം ഉയര്‍ത്തിയത്. ദേഹാദ്രിയുമായി വ്യക്തിബന്ധത്തിലുണ്ടായ അകല്‍ച്ചയാണ് വിവാദത്തിന് കാരണമെന്നും മഹുവ അറിയിച്ചിരുന്നു.

ചട്ടലംഘനം: പ്രതിപക്ഷം, പാസാക്കിയത് ചര്‍ച്ചയില്ലാതെ

സമിതിയുടെ 500 പേജുള്ള റിപ്പോര്‍ട്ടില്‍ ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്ന് എത്തിക്സ് കമ്മിറ്റി അംഗമായ ജെഡിയുവിലെ ഗിരിധര്‍ യാദവ്. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. ചോദ്യംചെയ്യലും തെളിവെടുപ്പിനും ശേഷം സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടതാണ്. സമിതിയില്‍ ഭൂരിപക്ഷം ബിജെപിക്കായതിനാല്‍ തന്നിഷ്ട പ്രകാരമാണ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെ അപമാനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് ബിഎസ്‌പി എംപി ഡാനിഷ് അലി പ്രതികരിച്ചു. റൂള്‍ 275 സമിതി ചെയര്‍മാന്‍ അടിക്കടി ലംഘിക്കുകയാണുണ്ടായത്. ചാനലുകളില്‍ അഭിമുഖം നല്‍കി ചട്ടങ്ങള്‍ ലംഘിച്ച നടപടിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പാസായത് 6–4ന്

കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപി പ്രണീത് കൗർ മഹുവയ്ക്കെതിരെ വോട്ട് ചെയ്തു. ആറ് പേർ റിപ്പോർട്ട് അംഗീകരിച്ചപ്പോൾ നാല് പേർ എതിർത്തു. പ്രണീത് കൗറിന് പുറമെ അപരാജിത സാരംഗി, രാജ്ദീപ് റോയ്, സുമേദാനന്ദ് സരസ്വതി, വിനോദ് സോങ്കർ, ഹേമന്ത് ഗോഡ്‌സെ എന്നിവര്‍ റിപ്പോർട്ടിനെ പിന്തുണച്ചപ്പോൾ ഡാനിഷ് അലി, വി വൈത്തിലിംഗം, പി ആർ നടരാജൻ, ഗിരിധര്‍ യാദവ് എന്നീ അംഗങ്ങൾ എതിർത്തു. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമാണ് പ്രണീത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പ്രണീത് കൗറിനെ ഈ വർഷം ഫെബ്രുവരിയിൽ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Final­ly BJP trapped Mahua

You may also like this video

Exit mobile version