Site iconSite icon Janayugom Online

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; വയനാട്ടില്‍ അതിതീവ്ര ദുരന്തം

**EDS: SCREENSHOT VIA PTI VIDEOS** Wayanad: Rescue operation underway after landslides in the hilly areas near Meppadi, in Wayanad district, Kerala, Tuesday, July 30, 2024. At least 23 people were killed and several are feared trapped, according to officials. (PTI Photo) (PTI07_30_2024_000098B)

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടല്‍ കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ജുലൈ 30ന് ദുരന്തം നടന്നതിനുശേഷം പലതവണയായി സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് അഞ്ച് മാസങ്ങള്‍ക്കുശേഷം കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. അതേസമയം, പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ കേന്ദ്രം മൗനം തുടരുകയാണ്. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അനുവദിക്കുന്നത് സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല. എന്നാല്‍, ദുരന്തത്തെ നേരിടുന്നതിനാവശ്യമായ ഫണ്ട് ഇതിനോടകം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. എന്നാല്‍, ഈ തുക അനുവദിച്ചുവെന്ന് പ്രഖ്യാപിക്കുന്നത്, ധനസഹായം നല്‍കിയെന്ന് രേഖകളില്‍ മാത്രം കാണിക്കാനുള്ള നീക്കമാണെന്ന് റവന്യു മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. 

കടങ്ങൾ എഴുതിത്തള്ളൽ, അധിക സഹായം ലഭ്യമാക്കൽ, അതിതീവ്രദുരന്തമായി പ്രഖ്യാപിക്കൽ എന്നീ മൂന്ന് ആവശ്യങ്ങളാണ് വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചെങ്കിലും മറ്റ് രണ്ട് ആവശ്യങ്ങളിലും മറുപടി കേന്ദ്രം നല്‍കിയിട്ടില്ല. കേരളത്തിന് ശേഷം പ്രകൃതി ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെപോലും കേന്ദ്രം അധിക ധനസഹായം നല്‍കിയിരുന്നു.

വിശദമായ പഠന റിപ്പോർട്ട് നൽകാൻ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തികസഹായം പ്രഖ്യാപിക്കാത്തത് എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. വയനാട്ടിൽ എത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങൾ നേരിട്ട് ഉന്നയിച്ചിരുന്നു. ഓഗസ്റ്റ് 17ന് നിവേദനം നൽകി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായവും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സന്ദർശിച്ചിട്ട് നാല് മാസവും നിവേദനം നൽകിയിട്ട് മൂന്നരമാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. പിഡിഎൻഎ നടത്തി വിശദ റിപ്പോർട്ട് നവംബർ 13ന് നൽകി. ഇതിനിടയിലാണ് മറ്റു പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നൽകിയത്. 

Final­ly the cen­ter agreed; Severe dis­as­ter in Wayanad

Exit mobile version