Site iconSite icon Janayugom Online

എഐ വേണ്ടെന്ന് ധന മന്ത്രാലയം

ചാറ്റ് ജിപിടി, ഡീപ്‌സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളുടെ വിവരങ്ങള്‍ ചോരുമെന്നുള്ള ആശങ്കയെ തുടര്‍ന്നാണ് നിര്‍ദേശം. എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് വഴി സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ചോരുമെന്ന് ആഭ്യന്തര മന്ത്രാലയം ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ഒപ്പിട്ടിരിക്കുന്ന ഉത്തരവ്. സാമ്പത്തിക കാര്യ വകുപ്പ്, പബ്ലിക് എന്റർപ്രൈസസ് വകുപ്പ്, ഡിപാം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുൾപ്പെടെ മന്ത്രാലയത്തിനുള്ളിലെ എല്ലാ വകുപ്പുകൾക്കും കത്ത് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിൽ നിന്ന് വ്യത്യസ്തമായി എ. ഐ ആപ്ലിക്കേഷനുകള്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ക്ലൗഡ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഡാറ്റാ ചോർച്ചയ്ക്കും അനധികൃത ആക്‌സസിനും വഴിയൊരുക്കുമെന്നാണ് ആശങ്ക. ഡാറ്റാ സുരക്ഷാ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്‌സീക്കിന്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Exit mobile version