Site iconSite icon Janayugom Online

അരുംകൊലയിലേക്ക് നയിച്ചത് സാമ്പത്തികബാധ്യത; യുവാവിന്റെ കുറ്റസമ്മതത്തിന്റെ ഞെട്ടലില്‍ തലസ്ഥാനം

തലസ്ഥാനത്ത് പെണ്‍സുഹൃത്തടക്കം അഞ്ച് പേരെ യുവാവ് വെട്ടി കൊലപ്പെടുത്തി. താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഉമ്മയൊഴികെ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പെണ്‍സുഹൃത്ത്, സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്ത് ബിസിനസ് തകര്‍ന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി്.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു അഫാന്‍. വിദേശത്തെ സ്‌പെയര്‍പാര്‍ട്‌സ് കട പൊളിഞ്ഞ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതാണ് പ്രതി കൂട്ടക്കൊലപാതകത്തിന് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നലിലാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version