Site iconSite icon Janayugom Online

ഉളിയക്കോവിലില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ്ജിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ വൈരാഗ്യം എഫ്ഐആര്‍

ഉളിയക്കോവിലിൽ വിദ്യാർഥിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. തേജസ് രാജും ഫെബിന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നും യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് തേജസിന് യുവതിയുടെ മാതാപിതാക്കളോട് വിരോധമുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. സഹോദരനെയും മാതാപിതാക്കളെയും കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയതെന്നും കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് ഫെബിനെയും പിതാവിനെയും കുത്തിയെന്നും എഫ്ഐആറിലുണ്ട്. 

പ്ലസ് ടുവിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ബാങ്ക് കോച്ചിങിനും ഇരുവരും ഒന്നിച്ചായിരുന്നു. എന്നാൽ യുവതിക്ക് മാത്രമാണ് ജോലി നേടാനായത്. പിന്നീട് തേജസ് സിവിൽ പോലീസ് പരീക്ഷ പാസായെങ്കിലും കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ അസ്വരസ്യങ്ങൾ രൂപപ്പെടുകയും പിന്നീട് പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിൻമാറുകയുമായിരുന്നു. 

വിവാഹ നിശ്ചയമടക്കമുള്ള ചടങ്ങുകളിലേക്ക് നീങ്ങിയതിന് ശേഷമാണ് ബന്ധം അവസനിപ്പിച്ചത്. എന്നാൽ യുവതിക്ക് മറ്റൊരു വിവാഹമുറപ്പിച്ചത് തേജസിനെ പ്രകോപിപ്പിക്കുകയും കൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

Exit mobile version