ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇന്നലെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കത്തിനശിച്ചത് 12,000ത്തിലധികം ഫയലുകള്‍. സുപ്രധാനമായതൊന്നും നശിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, കത്തിയമര്‍ന്നതില്‍ കോവിഡ് പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ നശിച്ചതായാണ് വിവരം.
ഭോപ്പാലിലെ ആറ് നിലകളുള്ള സത്പുര ഭവനിലാണ് തീപിടിത്തമണ്ടായത്. 25 കോടി രൂപയുടെ ഫർണിച്ചറുകളും സര്‍ക്കാര്‍ ഫയലുകള്‍ക്കൊപ്പം കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മധ്യപ്രദേശ് സർക്കാരിന്റെ നിരവധി വകുപ്പുകളുടെ ഓഫീസുകള്‍ സത്പുര ഭവനിൽ പ്രവര്‍ത്തിക്കുന്നുണ്ട്. സർവീസ് രേഖകൾ, പരാതി രേഖകൾ ഒഴിവാക്കി ട്രൈബൽ അഫയേഴ്സ്, ഹെൽത്ത്, ഫോറസ്റ്റ്, മുഖ്യമന്ത്രി മോണിറ്ററിംഗ് കേസ്, പബ്ലിക് ഗ്രീവൻസ്, നാഷണൽ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ വകുപ്പുകൾ സത്പുര ഭവന്റെ ആറ് നിലകളിൽ പ്രവർത്തിക്കുന്നു.
കെട്ടിടത്തിന്റെ നാല് നിലകളിലെ ജീവനക്കാരുടെ സർവീസ് രേഖകളും പരാതി രേഖകളും ബജറ്റ് അക്കൗണ്ടിങ് രേഖകളും കത്തിനശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ‑കുടുംബക്ഷേമ വകുപ്പിന്റെ പരാതി ശാഖയിൽ രജിസ്റ്റർ ചെയ്ത പരാതികളുടെ ഫയലുകളും കോവിഡ് 19 മഹാമാരിക്കാലത്ത് ആശുപത്രികളിലേക്ക് പണമടച്ചതുമായി ബന്ധപ്പെട്ട രേഖകളും കത്തി നശിച്ചു. ടെണ്ടറുമായി ബന്ധപ്പെട്ട ഫയലുകൾ, മരുന്നുകൾ കേടുകൂടാതെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ്, നഴ്സിങ്, കംപ്ലയിന്റ്സ്, അക്കൗണ്ട്സ് ആന്റ് കമ്മിഷൻ ബ്രാഞ്ച്, വിധാൻസഭാ ചോദ്യങ്ങൾ എന്നിവയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും നശിച്ചു.
മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. ഇത് പിന്നീട് നാല്, അഞ്ച്, ആറ് നിലകളിലേക്ക് പടർന്നു. ഒരു ദശാബ്ദത്തിനിടെ ഇത് മൂന്നാം തവണയാണ് സത്പുര ഭവനിൽ തീപിടിത്തം ഉണ്ടാകുന്നത്. ഈ വർഷം അവസാനമാണ് മധ്യപ്രദേശില്‍ഡ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ലും 2018ലും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും തീപിടിത്തം ഉണ്ടായിരുന്നു. അന്നും മൂന്നാം നിലയിലാണ് ആദ്യം തീയുണ്ടായത്. ഇത്തവണയും മൂന്നാം നിലയിലെ ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ റീജിയണൽ ഓഫീസിൽ വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്.
നിരവധി അഗ്നിശമന സേനാംഗങ്ങളും കരസേനയിലെ വിദഗ്ധരും സ്ഥലത്തെത്തി തീയണയ്ക്കല്‍ ദൗത്യത്തില്‍ പങ്കാളികളായി. ഏകദേശം 12 മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. എയർകണ്ടീഷണറിൽ (എസി) ഉണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിൽ കലാശിച്ചതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭരണകൂടം ഇതുവരെ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.
English Sammury: Fire breaks out in Madhya Pradesh where elections are held, More than 12,000 files including documents of covid transactions were burnt