Site iconSite icon Janayugom Online

തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടിത്തം; തീയണയ്ക്കല്‍ ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിൽ വൻതീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ച റൂമിലാണ് തീപിടിച്ചത്. ഇവിടെ വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ഇടമാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ചെങ്കൽചൂള,കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്.

ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. പെട്ടെന്ന് സ്ഫോടനം ഉണ്ടായെന്നാണ് അറിഞ്ഞതെന്നും കാരണം അന്വേഷിച്ചുവരികയാണെന്നും മെഡിക്കല്‍ കോർപ്പറേഷൻ എംഡി ജീവന്‍ ബാബു പ്രതികരിച്ചു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. നേരത്തെ കൊല്ലത്ത് ഉണ്ടായ തീപിടിത്തത്തിന് കാരണമായത് ബ്ലീച്ചിങ് പൗഡറായിരുന്നു എന്നതിനാല്‍ ഇവിടെ സൂക്ഷിച്ചവ പരിശോധനയ്ക്ക് വിടുന്നുണ്ട്. ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നത് ഇക്കാരണങ്ങളാലെന്നും ജീവന്‍ ബാബു പറഞ്ഞു. തീര്‍ത്തും വൈദ്യുതി പോലുമില്ലാത്ത ഭാഗത്താണ് ബ്ലീച്ചിങ് പൗഡര്‍ മാറ്റി സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ എല്ലാ ഗോഡൗണുകളിലും ബ്ലീച്ചിങ് പൗഡര്‍ മാറ്റി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോര്‍പറേഷന്‍ എംഡി പറഞ്ഞു. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ മരുന്നുകൾ സുരക്ഷിതമാണ്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണമായും  കത്തി നശിച്ചു.

ചാക്ക ഫയര്‍ഫോഴ്സ് യൂണിറ്റാണ് ആദ്യം സ്ഥലത്തെത്തിയത്. വന്നയുടന്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് ശ്രമം നടത്തിയത്. ഇതിനിടെയാണ് കെട്ടിടം തകര്‍ന്ന് രഞ്ജിത്തിന്റെ ദേഹത്ത് പതിച്ചത്. കെട്ടിടത്തിന്റെ ഷട്ടര്‍ നീക്കുമ്പോഴാണ് മേല്‍ക്കൂര തകര്‍ന്നത്. ആറ് വര്‍ഷമായി ഫയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രഞ്ജിത്. ഒരു വര്‍ഷം മുമ്പാണ് ചാക്ക യൂണിറ്റിലേക്ക് സ്ഥലംമാറിയെത്തിയത്. നേരത്തെ പത്തനാപുരം ഫയര്‍ഫോഴ്സ് യൂണിറ്റിലായിരുന്നു. അമ്മയും അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. സഹോദരന്റെ വിവാഹം കഴിഞ്ഞ ഏഴാം തിയിതിയായിരുന്നു. രഞ്ജിത് അവിവാഹിതനാണ്.

Eng­lish Sam­mury: Fire broke out at Kin­fra, Thiru­vanan­tha­pu­ram-Trag­ic end of fire force officer

Exit mobile version